
ടെഹ്‌റാൻ: ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്റെ സ്റ്റുഡിയോയിൽ തത്സമയ സംപ്രേഷണം നടക്കുന്നതിനിടയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(West Asian conflict). ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഒരു സ്റ്റുഡിയോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രദേശത്ത് ഇസ്രായേലി ആക്രമണം നടന്നതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. സ്‌ഫോടനത്തിൽ തത്സമയ ചാനലിൽ വാർത്തകൾ വായിക്കുന്നതിനിടെ അവതാരക പരിഭ്രാന്തനായി ഇറങ്ങി ഓടുന്നത് കാണാം. സ്റ്റുഡിയോയിലെ സ്‌ക്രീൻ പൊടി കൊണ്ട് നിറയുന്നുണ്ട്. സംഭവം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
തത്സമയ സംപ്രേക്ഷണത്തിനിടെ ന്യൂസ് റൂമിനെ പിടിച്ചുകുലുക്കിയ വൻ സ്‌ഫോടനത്തിന് ശേഷം പശ്ചാത്തലത്തിൽ "അല്ലാഹു അക്ബർ" എന്ന മന്ത്രങ്ങൾ കേൾക്കാം. ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോകൾ സ്ഥിതി ചെയ്യുന്ന പ്രദേശം ഒഴിപ്പിക്കാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതിന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ആക്രമണം നടന്നത്. നാശനഷ്ടങ്ങളുടെ പൂർണ്ണ വ്യാപ്തിയോ ആളപായമോ സംബന്ധിച്ച് ഇറാനിയൻ അധികൃതർ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമായി തുടരുകയാണ്.