
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ യൂട്യൂബ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല(first video on YouTube). അല്ലേ? എന്നാൽ യൂട്യൂബിലെ ആദ്യത്തെ വീഡിയോ ഏതാണെന്ന് എത്രപേർക്ക് അറിയാം? എന്നാൽ ആ വീഡിയോയ്ക്ക് 2005 ഏപ്രിൽ 23 ന് 20 വയസ്സ് തികഞ്ഞിരിക്കുകയാണ്.
2005 ഏപ്രിൽ 23 ന് സഹസ്ഥാപകനായ ജാവേദ് കരീം ആണ് "മീ അറ്റ് ദി സൂ" എന്ന ആദ്യ യൂട്യൂബ് വീഡിയോ അപ്‌ലോഡ് ചെയ്തത്. സാൻ ഡീഗോ മൃഗശാലയിൽ ഒരു ജോടി ആനകൾക്ക് മുന്നിൽ കരീം നിൽക്കുന്ന, 19 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഹ്രസ്വ വീഡിയോ ഇതിനോടകം 355 ദശലക്ഷത്തിലധികം വ്യൂസും 100 ദശലക്ഷത്തിലധികം അഭിപ്രായങ്ങളുമാണ് നേടിയത്. അദ്ദേഹത്തിന്റെ ഹൈസ്കൂൾ സുഹൃത്ത് യാക്കോവ് ലാപിറ്റ്സ്കി ആണ് ഈ വീഡിയോ പകർത്തിയത്.
"ശരി, അപ്പോൾ നമ്മൾ ആനകളുടെ മുന്നിലാണ്. ഈ ആളുകളുടെ രസകരമായ കാര്യം അവർക്ക് വളരെ നീളമുള്ള തുമ്പിക്കൈകളുണ്ട് എന്നതാണ്. പറയാൻ ഇത്രയേ ഉള്ളൂ." - എന്നാണ് കരീം ദൃശ്യങ്ങളിൽ പറയുന്നത്. യൂട്യൂബിലെ ആദ്യത്തെ വീഡിയോ ചരിത്രത്തിലെ തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു നിമിഷമായി മാറി. യൂട്യൂബ് ഇരുപതാം വർഷം ആഘോഷിക്കുന്ന ഈ വേളയിൽ ജാവേദ് കരീമിന്റെ ഐക്കണിക് വീഡിയോ അപ്‌ലോഡ് ചെയ്തതിനുശേഷം, പ്ലാറ്റ്‌ഫോമിൽ 20 ട്രില്യണിലധികം വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.