
നാട് ദുരന്തം നേരിടുമ്പോൾ പല രീതിയിലുമുള്ള സഹായങ്ങൾക്കായി പലയിടങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. അത്തരത്തിൽ വെള്ളം കയറിയ തെരുവുകളിൽ ഭക്ഷണം എത്തിക്കുന്ന ഒരു ഡെലിവറി ഏജൻറിൻ്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഭക്ഷണം എത്തിക്കുന്നതിനായി സൊമാറ്റോ ഡെലിവറി ഏജൻറ് അരയോളം വെള്ളത്തിലൂടെയാണ് കഷ്ടപ്പെട്ട് സഞ്ചരിക്കുന്നത്. ഈ ദൃശ്യങ്ങൾ അഹമ്മദാബാദിൽ നിന്നുള്ളതാണ്. കനത്ത മഴയിൽ ഇവിടുത്തെ റോഡുകളും തെരുവുകളും വെള്ളത്തിനടിയിലായി. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഡെലിവറി ഏജൻറിൻ്റെ വലിയ മനസ്സിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയയൊട്ടാകെ.
സമൂഹ മാധ്യമത്തിലൂടെ വീഡിയോ പങ്കുവച്ച വിങ്കുജ് ഷാ എന്നയാൾ ഏജൻ്റിൻ്റെ അർപ്പണബോധത്തെ പ്രശംസിക്കുകയും, സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയലിനോട് അദ്ദേഹത്തിന് പ്രതിഫലം നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
തുടർന്ന് സൊമാറ്റോ തങ്ങളുടെ ധീരനായ തൊഴിലാളിയെ കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയയിലൂടെ വിശദാംശങ്ങൾ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകാൻ ആഗ്രഹിക്കുന്നുവെന്നും സൊമാറ്റോ കുറിച്ചു.