

ഡൽഹി സ്വദേശിയായ ഒരു സ്ത്രീയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്(Pondicherry trip). ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പോണ്ടിച്ചേരിയിലേക്ക്, ശാന്തവും മറക്കാനാവാത്തതുമായ ഒരു യാത്ര സ്വപ്നം കണ്ടാണ് ഡൽഹി സ്വദേശിയായ സ്ത്രീ പോണ്ടിച്ചേരിയിൽ എത്തിയത്. എന്നാൽ പോണ്ടിച്ചേരിയിൽ എത്തിയ ശേഷം തനിക്ക് ഇവിടെ തീരെ സുരക്ഷിതമല്ലെന്ന് തോന്നിയതായും അപമാനിക്കപ്പെട്ടെന്നും ഭയപ്പെടേണ്ടി വന്നെന്നും സ്ത്രീ സ്വയം സാക്ഷ്യപെടുത്തിയ വീഡിയോയിലൂടെ തുറന്നു പറഞ്ഞു. ഇതോടെ സ്ത്രീയുടെ പോണ്ടിച്ചേരി സന്ദർശനം ഒരു പേടിസ്വപ്നമായി മാറി. ആകസ്മികമായി ഉപദ്രവിക്കപ്പെടുന്നത് മുതൽ രാത്രിയിൽ കളിയാക്കലുകൾക്ക് ഇരയായത് വരെ അവളുടെ 'ബീച്ച് ഔട്ട് ദിവസങ്ങൾ' ആശ്വാസകരമല്ലായിരുന്നു എന്ന് വീഡിയോയിലൂടെ പറയുന്നു.
ചില പുരുഷന്മാർ അവളോട് സെൽഫികൾ ആവശ്യപ്പെട്ടു. ചെറിയ വസ്ത്രങ്ങൾ ധരിച്ചതിന് തുറിച്ചുനോക്കി. ഹോട്ടലിൽ വെച്ച് ഒരു പുരുഷൻ തന്നെ പിന്തുടർന്നു. എന്നാൽ അത് ഒഴിവാക്കാനായി, ആ സ്ത്രീ മുറിയിലേക്ക് പോകാതെ അയാളെ നേരിട്ടു. ഒടുവിൽ അയാൾ പോയതിനു ശേഷവും, സുരക്ഷ ഉറപ്പാക്കാനായി 'അരമണിക്കൂറോളം' ലോബിയിൽ തന്നെ തുടർന്നുവെന്നും അവൾ കൂട്ടിച്ചേർത്തു.
"ഇത് എല്ലാവരുമായും പങ്കിടുക. ഇത് എത്രയും വേഗം ആളുകളിലേക്ക് എത്തുന്നുവോ അത്രയും നല്ലത്. 'പോണ്ടിച്ചേരി' എന്ന സ്ഥലം സമാധാനം കൊണ്ടുവരുമെന്ന് ഞാൻ സ്വപ്നം കണ്ടു. പക്ഷേ അത് എന്നെ നടുക്കി. ഒരു സ്ത്രീ എന്ന നിലയിൽ, എനിക്ക് സുരക്ഷിതത്വമില്ലെന്നും അപമാനിതയാണെന്നും ഭയമുണ്ടെന്നും തോന്നി. ഞാൻ പങ്കിടാൻ ആഗ്രഹിച്ച കഥയല്ല ഇത്, പക്ഷേ ഉച്ചത്തിലും വ്യക്തമായും കേൾക്കേണ്ട കഥയാണിത്. ഈ വീഡിയോ ഞാൻ നിർമ്മിക്കുന്നത് എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. അതിനാൽ ഞാനും എന്റെ സഹോദരിയും അനുഭവിച്ചതിലൂടെ മറ്റാരും കടന്നു പോകേണ്ടതില്ല" - എന്ന് പോസ്റ്റിനു താഴെ അടികുറിപ്പായി അവർ എഴുതി.
ഇൻസ്റ്റാഗ്രാമിൽ 'stargirl_on_the_go' എന്ന ഹാൻഡിൽ പങ്കിട്ട ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറൽ ആവുകയും പ്രതികരിക്കാൻ തുടങ്ങുകയും ചെയ്തു. പോസ്റ്റിനു താഴെ മിക്കവരും ആ സ്ത്രീയോട് യോജിക്കുകയും സമാനമായ അനുഭവങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.