
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു(Rainstorm). സംസ്ഥാനത്ത് മഴക്കെടുതിയിൽ 17 മരണം റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മാണ്ഡി ജില്ലയിലാണ്. മണ്ടിയിലെ കസോങ്ങിൽ മേഘവിസ്ഫോടനത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. സിയാഞ്ചിൽ ഒരു വീട് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് നിന്ന് ഏഴ് പേരെ കാണാതാവുകയും ചെയ്തു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (HPSDMA) കണക്കനുസരിച്ച് സംസ്ഥാനത്തുടനീളം 259 റോഡുകളിൽ തടസ്സം നേരിട്ടു. 614 വൈദ്യുതി വിതരണ ട്രാൻസ്‌ഫോർമറുകളും 130 ജലവിതരണ പദ്ധതികളും തകർന്നു. മാണ്ഡിയിലെ ബിയാസ് നദി അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്നാണ് റിപ്പോർട്ട്.