
കശ്മീരിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസിൽ തങ്ങളുടെ മകന്റെ ജന്മദിനം ആഘോഷിക്കുന്ന ദമ്പതികളുടെ സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി(Vande Bharat). എന്നാൽ നെറ്റിസൺസ് ഇതിനെ രൂക്ഷമായി വിമർശിച്ചു.
ജൂൺ 6 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെ ആദ്യത്തെ വന്ദേ ഭാരത് ഉദ്ഘാടനം ചെയ്തത്. തീവണ്ടി 'അഞ്ജി ഖാദ്' പാലം കടക്കുമ്പോൾ, ട്രെയിനിൽ കേക്ക് മുറിച്ച് രാകേഷും നേഹ ജയ്‌സ്വാളും തങ്ങളുടെ മകൻ മോക്ഷിന്റെ ആറാം ജന്മദിനം ആഘോഷിക്കുകയായിരുന്നു.
പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങളിൽ നേഹ ജയ്‌സ്വാൾ ഒരു കേക്കിൽ മെഴുകുതിരികൾ കത്തിക്കുന്നത് കാണാം. ഇവർക്ക് സമീപം മകനും ഭർത്താവും ഇരിക്കുന്നുണ്ട്. സന്തോഷപൂർവം ഇവരുടെ മകൻ കേക്ക് മുറിക്കുന്നുമുണ്ട്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ സന്തോഷകരമായ ഈ നിമിഷത്തെ വിമർശിച്ച് നെറ്റിസൺസ് രംഗത്തെത്തി.
"ട്രെയിൻ നിങ്ങളുടെ പാർട്ടി ഹാൾ അല്ല" , "ട്രെയിനുകൾക്കുള്ളിൽ തീപ്പെട്ടി കത്തിക്കുന്നത് നിരോധിച്ചിരുന്നു" , "മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് അത്തരം യാത്രക്കാരെ നിങ്ങൾ ശിക്ഷിക്കണം" - തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ദൃശ്യങ്ങൾക്ക് താഴെ വന്നത്.