
ഉത്തർപ്രദേശിലെ പിലിഭിത്തിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടോടുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്(suspect escaping from custody). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Benarasiyaa എന്ന ഹാൻഡ്‌ലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ഇടവഴിയിലൂടെ നടന്നു പോകുന്ന ഒരു ശുചീകരണ തൊഴിലാളിയെ കാണാം. അയാൾക്ക് അടുത്തേക്ക് കുറ്റവാളിയെന്ന് മുദ്രകുത്തപ്പെട്ട ഒരു യുവാവ് പോലീസിനെ വെട്ടിച്ച് ഓടി വരുന്നുണ്ട്.
ശുചീകരണ തൊഴിലാളി അയാളെ പിടികൂടാൻ ശ്രമിക്കുന്നെങ്കിലും പിടി നൽകാതെ കുറ്റവാളി ഓടി രക്ഷപെടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഒരു തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന സോഹിൽ എന്ന പ്രതിയാണ് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപെട്ടത്. എന്നാൽ ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രതിയെ വീണ്ടും പോലീസ് പിടികൂടുകയായിരുന്നു.