
ലഖ്‌നൗവിൽ, പിസ്സ ഡെലിവറി ജീവനക്കാരനെ സ്ത്രീ തല്ലിച്ചതയ്ക്കുകയും 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(road accident). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Benarasiyaa എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ലഖ്‌നൗവിലെ തിരക്കേറിയ തെരുവിൽ ഒരു ഡെലിവറി ബോയ് അബദ്ധത്തിൽ തന്റെ മുന്നിലുള്ള ഒരു വനിതാ യാത്രക്കാരിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ സ്ത്രീ ഡെലിവറി ബോയിയെ അടിക്കുകയും ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
ദൃശ്യങ്ങളിൽ, സംസാരശേഷിയില്ലാത്ത ഡെലിവറി ജീവനക്കാരനോട് കയർക്കുന്ന സ്ത്രീയെ കാണാം. ഒരു ചെറിയ അപകടത്തിന്റെ പുറത്താണ് സ്ത്രീ പൊതു മധ്യത്തിൽ ജീവനക്കാരനോട് മോശമായി പെരുമാറുന്നത്. മാത്രമല്ല; 30,000 രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായി നടപടിയെടുക്കുമെന്നും സ്ത്രീ പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം.
സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടുനിന്നവരാണ് പകർത്തിയത്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഡെലിവറി ജീവനക്കാരനെ ആക്രമിച്ചതിന് സ്ത്രീക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടു.