
മഹാരാഷ്ട്ര: മുംബ്ര സ്റ്റേഷന് സമീപം ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിക്കുകയും, 6 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു(Mumbra train accident). കസാര-സിഎസ്എംടി ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ തിരക്ക് മൂലമുണ്ടായ അപകടം കഴിഞ്ഞ ദിവസം രാവിലെയാണ് നടന്നത്.
ദിവ-മുംബ്ര സ്റ്റേഷന് ഇടയിൽ വച്ചായിരുന്നു ഇത്. ട്രെയിനിൽ തിരക്ക് മൂലം ട്രെയിനിന്റെ വാതിലുകളിൽ യാത്രക്കാർ തൂങ്ങിക്കിടന്നിരുന്നു. ഇതിൽ പത്തുപേരോളം ട്രാക്കിൽ വീണതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. കസറയിലേക്ക് പോകുന്ന ട്രെയിനിന്റെ ഗാർഡാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.
പുറത്തു വന്ന ദൃശ്യങ്ങളിൽ ട്രാക്കുകൾക്ക് സമീപം മൃതദേഹങ്ങൾ കിടക്കുന്നതായി കാണാം. സംഭവം നടന്നയുടൻ സഹയാത്രികരും റെയിൽവേ അധികൃതരും സഹായത്തിനായി ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
ദൃശ്യങ്ങളിൽ മഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ ട്രാക്കിൽ നിന്നും രക്ഷാപ്രവർത്തകർ പുറത്തേക്ക് കൊണ്ടുപോകുന്നുണ്ട്. മുംബൈയിലെ സബർബൻ റെയിൽവേ ലൈനുകളിൽ തിരക്കേറിയ സമയങ്ങളിൽ തിരക്ക് ഒരു സ്ഥിരം പ്രശ്നമാണെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതായി ഉപയോക്താക്കൾ പ്രതികരിച്ചു.