
രാഷ്ട്രീയ ചർച്ചകൾക്ക് ഏറെ സാധ്യതയുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു(Indira Gandhi). സുപ്രീം കോടതി വിവാദത്തിനിടയിൽ പുറത്തു വന്ന ഈ വീഡിയോ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലഘട്ടത്തിലുള്ളതാണ്.
ബിജെപി നേതാവ് നിഷികാന്ത് ദുബെ സുപ്രീം കോടതിയെ വിമർശിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്. "ഇന്ദിരാഗാന്ധി — കോൺഗ്രസ് സ്വന്തം ഭൂതകാലം അറിയണം." - എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ അടികുറിപ്പായി എഴുതിയിരുന്നത്.
1977 കാലഘട്ടത്തിലുള്ള വീഡിയോയിൽ ജസ്റ്റിസ് ഷാ കമ്മീഷനെ ചോദ്യം ചെയ്യുന്നതിനിടെ ഇന്ദിരാഗാന്ധി ജുഡീഷ്യൽ അതിരുകടന്നതിനെ വിമർശിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഇന്ദിരാഗാന്ധി നൽകിയ ഒരു അഭിമുഖത്തിൽ നിന്ന് എടുത്തതാണ് ഈ ദൃശ്യങ്ങൾ. അടിയന്തരാവസ്ഥകാലത്തെ നടപടികളെക്കുറിച്ചുള്ള ഷാ കമ്മീഷന്റെ അന്വേഷണത്തിനെതിരെ ഇന്ദിരാഗാന്ധി പ്രതികരിക്കുന്നതാണ് ഇതിൽ കാണാനാവുക.
"രാഷ്ട്രീയ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് മിസ്റ്റർ ഷായ്ക്ക് എങ്ങനെ അറിയാം? വികസ്വര സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ ഏതൊക്കെയാണ് പ്രവർത്തിക്കുന്നത്? ഒരു ജഡ്ജിക്ക് അത് തീരുമാനിക്കാൻ കഴിവുണ്ടോ? പിന്നെ എന്തിനാണ് ജനാധിപത്യം? എന്തിനാണ് തിരഞ്ഞെടുപ്പുകൾ? എന്തിനാണ് രാഷ്ട്രീയക്കാർ അധികാരത്തിലിരിക്കുന്നത്?" - തുടങ്ങിയവ അവർ ചോദിക്കുന്നു.
എന്നാൽ സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ദുബെ നടത്തിയ പരാമർശത്തെത്തുടർന്ന് പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തെ നേരിടാനുള്ള ബിജെപിയുടെ പുതിയ തന്ത്രമാണ് ദൃശ്യങ്ങൾ പങ്കുവച്ചതിനു പിന്നിൽ എന്നാണ് നെറ്റിസൺസിന്റെ പൊതുവായ അഭിപ്രായം.