
ഒരു ആനക്കുട്ടിയെ തന്റെ അമ്മയുടെ സമീപത്തേക്ക് മടക്കി അയക്കാൻ ശ്രമിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(elephant). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ വിരമിച്ച ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദയുടെ @susantananda3 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് സംഭവം നടന്നത്. കൂട്ടം തെറ്റി വേർപെട്ട ആനക്കുട്ടിയെ അതിന്റെ അമ്മ ആനയുമായി ഒന്നിപ്പിക്കാൻ ഉദ്യോഗസ്ഥർ പരിശ്രമിക്കുന്നു. മനുഷ്യ സാനിധ്യം അറിഞ്ഞ ആനകളെ ഒറ്റപ്പെടുത്തുന്ന നിയമം കാട്ടാനകൾക്ക് ഇടയിൽ ഉള്ളതിനാലാണ് ഇത്.
ആനക്കുട്ടിയെ അമ്മ ആനയുമായി ഒന്നിപ്പിക്കാൻ വന തന്ത്രങ്ങളാണ് ഉദ്യോഗസ്ഥർ പ്രയോഗിക്കുന്നത്. ദൃശ്യങ്ങളിൽ, ആനക്കുട്ടി ഭയത്താൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് അടുത്തേക്ക് ഓടുന്നത് കാണാം. ഉദ്യോഗസ്ഥർക്ക് ചുറ്റും പരിഭ്രാന്തനായി അവൻ നടക്കുന്നു. തുടർന്ന് ആനക്കുട്ടിയെ കൂട്ടി വനംവകുപ്പ് ഉദ്യോഗസ്ഥർ അമ്മ ആനയുടെ സമീപം എത്തുകയും അമ്മ ആനയുടെ പിണ്ഡം കുട്ടിയാനയുടെ തുമ്പികൈയിലും മറ്റും പുരട്ടുകയും ചെയ്യുന്നു. ശേഷം അമ്മ ആനയുടെ അടുത്തേക്ക് എത്തിയ കുട്ടിയാനയെ അമ്മ സ്വീകരിക്കുന്നു. അത് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ അവിടെ നിന്നും മടങ്ങിയത്.