
തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഒരു കുഞ്ഞിന്റെ ശരീരത്തിൽ ഓട്ടോറിക്ഷ ഇടിച്ചു കയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു(Autorickshaw). സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് വ്യാപകമായി അത് പങ്കിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @vani_mehrotra എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ജൂലൈ 4 നാണ് ഉണ്ടായത്. നഗരഹൃദയത്തിലെ ചിന്ന കടൈ സ്ട്രീറ്റിലെ ഒരു ഇടുങ്ങിയ റെസിഡൻഷ്യൽ ലെയിനിലാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ ആളുകൾ നടന്നു പോകുന്ന ഇടുങ്ങിയ വഴിയിലേക്ക് ഒരു ഓട്ടോറിക്ഷ പ്രവേശിക്കുന്നത് കാണാം. ഈ സമയം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന 3 വയസ്സുള്ള ഒരു കുട്ടി തെരുവിലേക്ക് ഓടി ഇറങ്ങുന്നു. ഓട്ടോറിക്ഷ തട്ടിയതിനെ തുടർന്ന് കുഞ്ഞ് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം.
അടുത്ത നിമിഷം ഓട്ടോറിക്ഷ കുട്ടിയുടെ മുകളിലൂടെ പാഞ്ഞുകയറി. വാഹനത്തിന്റെ പിൻചക്രമാണ് കുട്ടിയുടെ മുകളിലൂടെ കയറി ഇറങ്ങിയത്. ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ ഞെട്ടലോടെ നിലവിളിക്കുകയും കുട്ടിയെ സഹായിക്കാൻ ഓടിയെത്തുകയും ചെയ്തു. ഓട്ടോ ഡ്രൈവറും തന്റെ ഓട്ടോയിൽ നിന്ന് ഇറങ്ങി കുട്ടിയെ സഹായിക്കാൻ ഓടിയെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ട് നെറ്റിസൺസ് മാതാപിതാക്കളുടെ അശ്രദ്ധയെയും ഡ്രൈവറുടെ ശ്രദ്ധക്കുറവിനെയും ചോദ്യം ചെയ്തു.