
ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തിയ ആപ്പിളിന്റെ ഐഫോൺ 17 സീരീസ് വാങ്ങാനെത്തിയവരുടെ നീണ്ട നിരയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കൗതുകമായി(Apple iPhone 17 series launched). മൾട്ടി മീഡിയാ പ്ലാറ്റ്ഫോമായ എക്‌സിൽ നിരവധി ഹാൻഡിലുകളാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ആപ്പിൾ സ്റ്റോറിലെത്തിയ ഉപഭോക്തക്കളുടെ നീണ്ട നിര കാണാം. ഓറഞ്ച് നിറത്തിലുള്ള ഐഫോൺ 17 പ്രോ മാക്സ് ആണ് വിപണിയിലെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം മുതൽ പുതിയ ഉപകരണങ്ങൾ ആദ്യം വാങ്ങുന്നവരിൽ ഒരാളാകാൻ നൂറുകണക്കിന് ഉപഭോക്താക്കളാണ് രാത്രിയും വരി നിന്നത്. മുംബൈയിലെ ബി.കെ.സി സ്റ്റോറിലാണ് ഏറ്റവും കൂടുതൽ പേർ ഫോൺ വാങ്ങാനായി എത്തിയത്. എന്നാൽ, ആപ്പിളിന്റെ മറ്റ് മുൻനിര സ്റ്റോറുകൾ പ്രവർത്തിക്കുന്ന ഡൽഹി, പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളിലും സമാനമായ തിരക്ക് അനുഭവപെട്ടതായാണ് വിവരം.