
അഹമ്മദാബാദ് വിമാനാപകടത്തിന് ദിവസങ്ങൾക്ക് ശേഷം എയർ ഇന്ത്യ എസ്എടിഎസ് എക്സിക്യൂട്ടീവുകൾ ഓഫീസിലെ ഡിജെ പാർട്ടിയിൽ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടു(Air India DJ party). നിലവിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങൾ നെറ്റിസൺസിനിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @TheSquind എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ജൂൺ 20 നാണ് ആഘോഷപരിപാടികൾ നടന്നത്. ദുരന്തത്തിന് എട്ട് ദിവസങ്ങൾക്ക് ശേഷം നടന്ന ഈ ആഘോഷപരിപാടി ഗുരുഗ്രാമിലെ അവരുടെ ഓഫീസിൽ വച്ചാണ് നടന്നത്. ദൃശ്യങ്ങളിൽ, ആഘോഷ പാർട്ടിയിൽ എയർ ഇന്ത്യ SATS (AISATS) മുതിർന്ന എക്സിക്യൂട്ടീവുകൾ നൃത്തം ചെയ്യുന്നത് കാണാം. AISATS ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എബ്രഹാം സക്കറിയ, കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ജനറൽ മാനേജർ സംപ്രീത് കോട്ടിയൻ എന്നിവർ പാർട്ടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.
ജൂൺ 12 നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള ഗാറ്റ്‌വിക്കിലെക്ക് പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പറന്നുയർന്ന് തൊട്ടുപിന്നാലെ തകർന്ന് അപകടമുനായത്. അപകടത്തിൽ 242 യാത്രക്കാരിൽ 241 പേരും കൊല്ലപ്പെട്ടിരുന്നു. കത്തിക്കരിഞ്ഞ ഇവരുടെ മൃതദേഹങ്ങളിൽ 202 എണ്ണം മാത്രമേ ബന്ധുക്കൾക്ക് കൈമാറിയിട്ടുള്ളൂ. സംഭവ പശ്ചാത്തലത്തിൽ നടന്ന ഡിജെ പാർട്ടിയോട് കടുത്ത പ്രതിഷേധമാണ് നെറ്റിസൺസ് രേഖപ്പെടുത്തിയിട്ടുള്ളത്.