
ആശംസകളും ആലിംഗനങ്ങളും കൊണ്ട് ലോകം മാതൃദിനം ആഘോഷിച്ചപ്പോൾ, ഹൃദയവേദനയാൽ പിടയുന്ന ഒരു അമ്മ ആനയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(elephant). മലേഷ്യയിൽ നിന്നും പുറത്തു വന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. വൈകാരികമായ ഈ വീഡിയോ ഞായറാഴ്ച ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ടത്.
മലേഷ്യയിലെ പെരാക്കിലെ ഗെറിക്കിനടുത്തുള്ള ഈസ്റ്റ്-വെസ്റ്റ് ഹൈവേയിൽ വച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ആനക്കുട്ടി അമിതവേഗത്തിൽ വന്ന ലോറി ഇടിച്ച് കൊല്ലപ്പെട്ടു. ഈ ആനകുട്ടിയുടെ അമ്മ തന്റെ കുഞ്ഞിന്റെ നഷ്ടപെട്ട ദുഃഖം താങ്ങാനാവാതെ നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാവുക. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, അപകടത്തിന് നിമിഷങ്ങൾക്ക് ശേഷം കാട്ടിൽ നിന്ന് പുറത്തു വന്ന അമ്മ ആന തന്റെ കുഞ്ഞിനെ രക്ഷിക്കാൻ പാഞ്ഞടുക്കുന്നത് കാണാം.
അപകടത്തിൽപ്പെട്ട വാഹനം തള്ളിമാറ്റി കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ ആന നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് മനസ്സിലാക്കി ശ്രമം ഉപേക്ഷിക്കുന്നു. എന്നാൽ ദൃശ്യങ്ങളിൽ അമ്മ ആന സങ്കടത്താൽ വിറയ്ക്കുന്നതും കുഞ്ഞിനെ നോക്കാൻ ശ്രമിക്കുന്നതും കാണാം. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന താങ്ങാനാവാത്ത ദുഃഖം ആനയിലും വ്യക്തമായിരുന്നു. ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം ദുഃഖിതരായി.