
ഉത്തരഖണ്ഡിലെ ഹരിദ്വാറിൽ നിന്നും പുറത്തുവന്ന ഭീതി നിറയ്ക്കുന്നതും എന്നാൽ സഹജീവികൾ തമ്മിലുള്ള ഐക്യം വെളിപ്പെടുത്തുന്നതുമായ ഒരു വീഡിയോ നെറ്റിസൺസിനിടയിൽ ശ്രദ്ധ പിടിച്ചുപറ്റി(stray dog). രാത്രിയുടെ മറവിൽ ഒരു പുള്ളിപ്പുലി ഒരു തെരുവ് നായയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ നിശബ്ദമായ ഒരു തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന ഒരു നായയുടെ മേൽ ആക്രമണകാരിയായ ഒരു പുള്ളിപ്പുലി ചാടി വീഴുന്നത് കാണാം. നായയുടെ കഴുത്തിലാണ് പുള്ളിപ്പുലി പിടിമുറുക്കിയത്. അക്രമിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ നായ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ അതേസമയം നായയുടെ രക്ഷയ്ക്കായി ഒരുകൂട്ടം തെരുവ് നായകൾ രംഗത്തെത്തി. അവയും പുള്ളിപുലിയുമായി ഏറ്റുമുട്ടൽ ഉണ്ടായി. അവരുടെ കൂട്ടായ ധൈര്യം പുള്ളിപ്പുലിയെ ഞെട്ടിച്ചു. പരിക്കേറ്റ നായയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.
"ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ, റോഡിൽ ഉറങ്ങിക്കിടന്ന ഒരു നായയെ ഒരു പുള്ളിപ്പുലി ആക്രമിച്ചു. അത് അതിന്റെ കഴുത്തിൽ പിടിച്ചു. അതിനിടയിൽ, മറ്റ് നിരവധി നായ്ക്കൾ വന്നു. അവർ പുള്ളിപ്പുലിയെ ആക്രമിച്ച് അതിനെ ഓടിച്ചു." - തെരുവ് നായ്ക്കളുടെ ഐക്യത്തെയും വേഗത്തിലുള്ള പ്രവർത്തനത്തെയും പ്രശംസിച്ചുകൊണ്ട് മാധ്യമപ്രവർത്തകൻ സച്ചിൻ ഗുപ്തയാണ് ഓൺലൈനിൽ പോസ്റ്റ് പങ്കുവച്ചത്.