
ഉത്തർപ്രദേശിലെ ഝാൻസിയിൽ ഒരു ഭീമൻ പെരുമ്പാമ്പിനെ ഗ്രാമവാസികൾ ചേർന്ന് ക്രൂരമായി കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(python attacked). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @bstvlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. ആഗസ്റ്റ് 17 നാണ്സംഭവം നടന്നത്.
ആടിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഗ്രാമീണർ പെരുമ്പാമ്പിനെ കൊന്നതെന്നാണ് റിപ്പോർട്ട്. 15 മുതൽ 20 അടി വരെ നീളമുള്ള കൂറ്റൻ പെരുമ്പാമ്പാണ് ആടിനെ ആക്രമിച്ചത്. ഇതോടെ ആട് ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ട് കാടുമൂടിയ പ്രദേശത്തേക്ക് ആടിന്റെ ഉടമ ഉൾപ്പടെയുള്ളവർ ഓടിയെത്തുകയായിരുന്നു.
ദൃശ്യങ്ങളിൽ, ആടിനെ രക്ഷിക്കാൻ ഓടിയെത്തിയ ഗ്രാമവാസികൾ പെരുമ്പാമ്പിനെ ആക്രമിക്കുന്നത് കാണാം. കുറ്റിക്കാട്ടിൽ പാമ്പിനെ കണ്ടെത്തിയ ഗ്രാമവാസികളിൽ ഒരാൾ പാമ്പിനെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശേഷം ചത്ത പെരുമ്പാമ്പിനെയും ആടിനെയും ഗ്രാമവാസികൾ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് കാണാം. ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കിട്ടതോടെ നെറ്റിസണ്സ് പ്രതികരണമറിയിച്ചു.