
കേരളത്തിലെ ഒരു സി.ഇ.ഒ അദ്ദേഹത്തിന്റെ 4 കോടി രൂപ വിലയുള്ള ലംബോർഗിനി ഉറൂസിന്റെ നമ്പർ പ്ലേറ്റിലെ( 'KL 07 DG 0007' ) രജിസ്ട്രേഷൻ നമ്പറിന് ലേലത്തിൽ 46 ലക്ഷം രൂപ നൽകി സ്വന്തമാക്കിയ വീഡിയോ വൈറൽ ആകുന്നു(Lamborghini Urus). ഇതോടെ സംസ്ഥാനത്തെ ഏറ്റവും വിലയേറിയ ഫാൻസി വാഹന നമ്പർ എന്ന റെക്കോർഡ് ഇദ്ദേഹം നേടിയെടുത്തു.
കേരളത്തിൽ ഇതുവരെ ലേലം ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ വാഹന രജിസ്ട്രേഷൻ നമ്പർ ആണ് 'KL 07 DG 0007'. കേരളത്തിലെ ഒരു ഐടി കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും സ്ഥാപകനുമായ വേണു ഗോപാലകൃഷ്ണനാണ് തന്റെ ലൈം ഗ്രീൻ ലംബോർഗിനിക്ക് നമ്പർ സ്വന്തമാക്കാൻ 45.99 ലക്ഷം രൂപ ചെലവഴിച്ചത്.
ഏപ്രിൽ 7 ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) നടത്തിയ ഓൺലൈൻ ലേലത്തിൽ, അഞ്ച് പേർ കുറഞ്ഞത് 25,000 രൂപ ബിഡ് ചെയ്ത് ആരംഭിച്ച ഒരു തീവ്രമായ ലേല യുദ്ധമാണ് നടന്നത്. ഒടുവിൽ '0007' എന്ന സമ്മാനത്തിനായുള്ള മത്സരം അവസാന രണ്ട് മത്സരാർത്ഥികളിലേക്ക് ചുരുങ്ങി. അവസാന ലേലത്തുകയായ 44.84 ലക്ഷം രൂപ മറികടന്നാണ് ഗോപാലകൃഷ്ണൻ വിജയം നേടിയത്.
ഗോപാലകൃഷ്ണൻ പിന്നീട് തന്റെ ആഡംബര എസ്.യു.വിയുടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഇതോടെ കേരളത്തിലെ ആദ്യത്തെ ലംബോർഗിനി ഉറുസ് പെർഫോമന്റ് ആയി മാറുകയായിരുന്നു. "കാത്തിരിപ്പ് അവസാനിച്ചു! ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമായ ലംബോർഗിനി ഉറുസ് പെർഫോമന്റെയെ പരിചയപ്പെടാം... കേരളത്തിലെ ആദ്യത്തേതും, 'KL 07 DG 0007' എന്ന റെക്കോർഡ് ഭേദിച്ച നമ്പറിന് വാർത്തകളിൽ ഇടം നേടുന്നതും" - അദ്ദേഹം പോസ്റ്റിന് താഴെ എഴുതി.
മറ്റൊരു പ്രീമിയം നമ്പറായ 'KL-07 DG 0001' ലേലത്തിൽ 25.52 ലക്ഷം രൂപ ലഭിച്ചു. കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന് ഫാൻസി നമ്പറുകൾക്ക് ആറ് വിഭാഗങ്ങളുണ്ട്. അടിസ്ഥാന വില 3,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ്. അവയിൽ, ഏറ്റവും കൂടുതൽആവശ്യക്കാരുള്ളത് '1' എന്ന നമ്പറിനാണ്. ഒരു ലക്ഷം രൂപ മുതൽ ആണ് അടുത്ത വില ആരംഭിക്കുന്നത്.