
ബെംഗളൂരുവിലെ ഒരു ഫ്ലാറ്റിൽ നിന്ന് ആറടി നീളമുള്ള മൂർഖനെ കണ്ടെത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(cobra). "BengaluruPost" എന്ന എക്സ് അക്കൗണ്ട് ആണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ജെ.പി. നഗറിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ നിന്നാണ് മൂർഖനെ കണ്ടെത്തിയത്. സമൂഹ മാധ്യമത്തിൽ പങ്കിട്ട ഭയാനകമായ ഈ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി.
ദൃശ്യങ്ങളിൽ, പരിശീലനം ലഭിച്ച പാമ്പ് പിടിത്തക്കാരനായ രോഹിത് ഒരു കൊളുത്ത് അറ്റമുള്ള വടിയുമായി വീട്ടിലേക്ക് കയറി കുളിമുറിയിലേക്ക് പ്രവേശിക്കുന്നത് കാണാം. കുളിമുറിക്കുളിൽ ഒരു ബക്കറ്റിന് പിന്നിൽ ചുരുണ്ടുകിടക്കുന്ന മൂർഖൻ പാമ്പിനെ അയാൾ കാണുകയും ബക്കറ്റ് പതുക്കെ നീക്കുകയും ചെയ്യുന്നു. പാമ്പ് പലതവണ നാവ് പുറത്തേക്ക് നീട്ടുന്നത് ദൃശ്യങ്ങളിലുണ്ട്.
എന്നാൽ, നിമിഷങ്ങൾക്കകം തന്നെ രോഹിത് ധൈര്യപൂർവ്വം തന്റെ വടി ഉപയോഗിച്ച് മൂർഖനെ സഞ്ചിയിലാക്കി. നഗ്നമായ കൈകൾ കൊണ്ട് അതിന്റെ വാലിൽ പിടിച്ചാണ് ഒരു കറുത്ത തുണി സഞ്ചിയിലേക്ക് രോഹിത് പാമ്പിനെ ഇട്ടത്. അപകടകാരിയായ മൂർഖൻ പാമ്പിനെ കൈകാര്യം ചെയ്ത പാമ്പു പിടുത്തക്കാരന്റെ പ്രവർത്തനത്തെയും ശാന്തമായ പെരുമാറ്റത്തെയും നെറ്റിസൺസ് ഒന്നടങ്കം പ്രശംസിച്ചു.