
ന്യൂഡല്‍ഹി: മാതാപിതാക്കളോ അധ്യാപകരോ ഒക്കെ 'പഠിക്ക്' എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു നിമിഷത്തിലെങ്കിലും അസ്വസ്ഥരായിട്ടുള്ളവരാണ് നമ്മളെല്ലാം. എന്നാൽ, കഠിനാധ്വാനം ചെയ്തു കൊണ്ട് തന്നെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന പലരും ഈ സമൂഹത്തിലുണ്ട്. കുടുംബം പോറ്റാനായി സമൂസയും മറ്റും വില്‍ക്കുന്ന യു പി നോയിഡയില്‍ നിന്നുള്ള 18 വയസുകാരന്‍ ഇതിന് ഉത്തമ ഉദാഹരണമാണ്.
സകല പ്രതിബന്ധങ്ങളെയും കഠിനാധ്വാനം കൊണ്ട് മറികടന്ന ഈ 18കാരൻ്റെ പേര് സണ്ണി കുമാര്‍ എന്നാണ്. ഇയാൾ നേടിയത് നീറ്റ് പരീക്ഷയിലെ ഉജ്ജ്വല വിജയമാണ്. നീറ്റ് യു ജി 2024 പരീക്ഷയില്‍ 720ല്‍ 664 മാര്‍ക്ക് നേടിയാണ് ഈ കുട്ടി മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായത്.
ഡോക്ടര്‍ ആകണമെന്ന അതിയായ ആഗ്രഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ഈ യുവാവ് കുടുംബം പോറ്റാന്‍ കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം തൻ്റെ ആഗ്രഹത്തെയും വാനോളം ഉയർത്തുന്നു. ഇയാളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
കുട്ടി കുടുംബം പോറ്റിയിരുന്നത് രാവിലെ സ്‌കൂളില്‍ പോയി തിരിച്ചെത്തിയ ശേഷം നോയിഡ സെക്ടര്‍ 12ല്‍ ഉന്തുവണ്ടിയില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ സമൂസയും മറ്റു ഭക്ഷ്യവസ്തുക്കളും വിറ്റാണ്. സണ്ണിക്ക് കുടുംബ ഭാരം സ്വന്തം ചുമലിൽ ഏറ്റെടുക്കേണ്ടി വന്നത് പിതാവില്‍ നിന്ന് സാമ്പത്തിക സഹായം കിട്ടാതെ വന്നതോടെയാണ്.
സർക്കാർ മെഡിക്കൽ കോളേജിലേക്കാണ് ഈ മിടുക്കൻ തൻ്റെ ആഗ്രഹങ്ങളുമായി പോകുന്നത്. ഇയാൾക്ക് അഭിനന്ദനമറിയിക്കുന്നത് നിരവധി പേരാണ്.