
റീലുകളിൽ താരമാകാൻ എന്ത് പ്രവർത്തിയും ചെയ്യാൻ തയ്യാറാകുന്നവരാണ് ഇന്നത്തെ കുട്ടികൾ(Train). അതിനായവർ സ്വന്തം ജീവൻ പോലും പണയം വൈകാൻ തയ്യാറാകും. അത്തരത്തിൽ ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ @TeluguScribe എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ഒഡിഷയിലെ ബൗധ് ജില്ലയിലാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ കാണാം. അവർ ഇരുവരും ചേർന്ന് റീൽ ചിത്രീകരിക്കാൻ തയ്യാറെടുക്കുകയാണ്. ആൺകുട്ടികളിൽ ഒരാൾ തീവണ്ടി പാളത്തിൽ കിടക്കുന്നത് കാണാം. മറ്റെയാൾ അത് വീഡിയോയായി പകർത്തുകയാണ്. ഈ സമയം ദൂരെ നിന്ന് തീവണ്ടി വരുന്നുണ്ട്.
തീവണ്ടി കടന്നുപോകുമ്പോൾ 12 വയസുള്ള ആൺകുട്ടി അങ്ങനെ തന്നെ കിടക്കുകയാണ്. കുട്ടിക്ക് മുകളിലൂടെ തീവണ്ടി പാഞ്ഞു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തീവണ്ടി കടന്നു പോയി കഴിഞ്ഞ് യാതൊരു പരുക്കുകളുമില്ലാതെ കുട്ടി പാളത്തിൽ നിന്നും എഴുന്നേറ്റ് വരുന്നു. ആൺകുട്ടികൾ തങ്ങൾ ചെയ്ത പ്രവർത്തിയിൽ ആഹ്ളാദം പങ്കിടുന്നതോടെ വീഡിയോ അവസാനിക്കുന്നു.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ കടുത്ത പ്രതിഷേധമാണ് നെറ്റിസൺസിന്റെ ഭാഗത്തുനിന്നും ഉയർന്നു വന്നത്. അതേസമയം സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്താതായാണ് വിവരം.