
പൂനെയിലെ തിരക്കേറിയ നഗരദൃശ്യങ്ങളുടെ തിരക്കിനിടയിൽ സംസ്കാരത്തെയും ചരിത്രത്തെയും ഒരുപോലെ നെഞ്ചിലേറ്റിയ ക്ഷേത്രമാണ് പാതാളേശ്വര ഗുഹാക്ഷേത്രം ( Pataleshwar Cave Temple). ആധുനിക ലോകത്തിന്റെ തിരക്കിട്ട ജീവിതത്തിൽ നിന്നും മാറി ക്ഷേത്രം സന്ദർശിക്കുന്ന ഓരോ ഭക്തരെയും പ്രാചീന പൈതൃകത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു. അതിമനോഹരമായ ശിലാ ഘടനകളാലും നന്ദി മണ്ഡപത്താലും ഏറെ പ്രശസ്തമാണ് പാതാളേശ്വര ഗുഹാക്ഷേത്രം.
മഹാരാഷ്ട്രയിലെ പൂനെയിൽ (Pune)സ്ഥിതി ചെയ്യുന്ന എട്ടാം നൂറ്റാണ്ടിൽ രാഷ്ട്രകൂട കാലഘട്ടത്തിൽ പാറയിൽ കൊത്തിയെടുത്ത ഒരു ഹൈന്ദവ ക്ഷേത്രമാണ് പാതാളേശ്വര ഗുഹാ ക്ഷേത്രം. ഭാംബുർഡെ പാണ്ഡവ് ഗുഹാക്ഷേത്രം(Bhamburde Pandav cave temple) എന്ന പേരിലും പാതാളേശ്വര ക്ഷേത്രം അറിയപ്പെടുന്നു. പാതാളേശ്വര രൂപത്തിൽ ശിവനാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി. പൂനെയിലെ പാതാളേശ്വര ഗുഹാക്ഷേത്രത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത, എല്ലോറയിലെ കൂറ്റൻ പാറക്കെട്ടുകളുള്ള ക്ഷേത്രങ്ങളുമായി സാമ്യമുണ്ട് എന്നതാണ്. കൊത്തിയെടുത്തതാണെന്ന് വിശ്വസിക്കപ്പെടുന്ന പാതാളേശ്വര ഗുഹാക്ഷേത്രം പുരാതന ഇന്ത്യയുടെ വാസ്തുവിദ്യാ വൈഭവത്തിൻ്റെയും മതപരമായ തീക്ഷ്ണതയുടെയും തെളിവായി നിലകൊള്ളുന്നു. നാശത്തിൻ്റെയും പരിവർത്തനത്തിൻ്റെയും ഹിന്ദു ദൈവമായ ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം, ഭക്തരും ചരിത്ര പ്രേമികളെയും ഒരുപോലെ ആകർഷിക്കുന്നു.
ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത് അതിൻ്റെ ആത്മീയ പ്രാധാന്യം മാത്രമല്ല അതിൻ്റെ തനതായ വാസ്തുവിദ്യ ശൈലി കൂടിയാണ്. ഒരൊറ്റ ബസാൾട്ട് പാറയിൽ കൊത്തിയെടുത്ത ഈ ക്ഷേത്രം ആധുനിക ലോകത്തിനു മുന്നിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ വൈദഗ്ധ്യവും കരകൗശല നൈപുണ്യത്തെയും വരച്ചുകാട്ടുന്നു. സങ്കീർണ്ണമായ കൊത്തുപണികളും ശിലാപങ്ങളാലും സമ്പന്നമാണ് ഈ ഗുഹാക്ഷേത്രം. ശിവന് സമർപ്പിച്ചിരിക്കുന്ന പ്രധാന ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് കാവൽ നിൽക്കുന്ന ഒരു നന്ദി വിഗ്രഹത്തെ കാണുവാൻ സാധിക്കുന്നതാണ്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ വൃത്താകൃതിയിലുള്ള കല്ലുകൾ കൊണ്ടുള്ള ഒരു വിചിത്രമായ ക്രമീകരണം കാണുവാൻ സാധിക്കുന്നതാണ്. ഇത് കൂടാതെ, രാമൻ്റെയും ലക്ഷ്മണൻ്റെയും സീതയുടെയും മാർബിളിൽ കൊത്തിയെടുത്ത മൂന്ന് ശിൽപങ്ങളൾ ഉൾപ്പെടെ, പുതുതായി ചേർത്ത നിരവധി ശിൽപങ്ങളും ഗുഹയെ അലങ്കരിക്കുന്നു.
പാതാളേശ്വര ക്ഷേത്രത്തിൻ്റെ ഹൃദയ ഭാഗം ക്ഷേത്രത്തിലെ അതുല്യമായ നന്ദി മണ്ഡപത്തെ വിശേഷിപ്പിക്കുവാൻ സാധിക്കുന്നതാണ്. മനോഹരമായി കൊത്തിയെടുത്ത 16 തൂണുകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു നന്ദി മണ്ഡപം. മണ്ഡപത്തിന്റെ കിഴക്കുവശത്തുള്ള 4 തൂണുകൾ നിലവിൽ തകർന്ന നിലയിലാണ് ഉള്ളത്. എട്ട് തൂണുകളുള്ള സമചതുര മണ്ഡപം ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ്. ഗുഹാക്ഷേത്രത്തിൽ മൂന്ന് ശ്രീകോവിലുകളുണ്ട്, അതിൽ മധ്യഭാഗത്തെ ശ്രീകോവിലിലാണ് പാതാളേശ്വര ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുള്ളത്. ബ്രഹ്മാവ്, വിഷ്ണു, പാർവതി, ഗണപതി എന്നീ മൂർത്തികൾ ക്ഷേത്രത്തിലെ ഉപദേവതകളാണ്.
ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ അപൂർണമായ അവസ്ഥയാണ്. ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുവാൻ ശരിയായ പ്രവേശന കവാടങ്ങൾ ഇല്ല. പാതാളേശ്വര ഗുഹാക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയം മാത്രമല്ല മറിച്ച് ഒരു ദേശത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യത്തിൻ്റെ ഊർജ്ജസ്വലമായ കേന്ദ്രം കൂടിയാണ് ഈ ഗുഹാക്ഷേത്രം. പാതാളേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിലൊന്ന് മഹാഭാരതത്തിലെ പാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടോടി കഥകൾ അനുസരിച്ച്, വനവാസകാലത്ത് പാണ്ഡവർ ഈ ക്ഷേത്രത്തിൽ അഭയം തേടിയതായി പറയപ്പെടുന്നു. രാവിലെ 8. 30 മുതൽ വൈകുന്നേരം 5.30 മണി വരെയാണ് ക്ഷേത്ര ദർശന സമയം. പാതാളേശ്വര ക്ഷേത്രം പൂനെ നഗരത്തിന്റെ ഭൂതകാലത്തിന്റെ വിസ്മയ ലോകത്തേക്ക് ഓരോ മനുഷ്യനെയും കൂട്ടികൊണ്ടു പോകുന്നു.