3000 വർഷത്തോളം പഴക്കമുള്ള നീർ പുത്തൂർ ശിവ ക്ഷേത്രം.! | Neerputhoor Mahadeva Temple

3000 വർഷത്തോളം പഴക്കമുള്ള നീർ പുത്തൂർ ശിവ ക്ഷേത്രം.! | Neerputhoor Mahadeva Temple
Published on

ക്ഷേത്രങ്ങൾ ഭക്തിയുടെയും വിശ്വാസത്തിൻ്റെയും ഉചിതമായ ഉദാഹരണങ്ങളാണ്.ആരാധനാലയങ്ങൾ എന്നതിലും ഉപരി പ്രകൃതിയും മനുഷ്യനും ദൈവങ്ങളും ഭൂമിയിൽ ഒത്തുചേരുന്നതും ക്ഷേത്രങ്ങളിലാണ്. ഒരു ക്ഷേത്രം ഒരു നാടിൻ്റെ തന്നെ സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും അടയാളം കൂടിയാണ്. മലപ്പുറം ജില്ലയിലെ പുത്തൂർ ഗ്രാമത്തിലാണ് 3000 വർഷത്തോളം പഴക്കമുള്ള നീർ പുത്തൂർ ശിവ ക്ഷേത്രം സ്ഥിതിചെയ്യുന്നത് (Neerputhoor Mahadeva Temple). ഒരു നാടിൻ്റെ തന്നെ അടയാളമായി മാറിയ ക്ഷേത്രം. പാരമ്പര്യവും പൈതൃകവും ഇഴചേർന്ന് ഈ ക്ഷേത്രം കാലത്തിൻ്റെ സമയചക്രത്തിൽ നിന്നും വഴുതിമാറി നൂറ്റാണ്ടുകളുടെ പൈതൃകം അന്ന് എന്നത് പോലെ ഇന്നും കാത്തുസൂക്ഷിക്കുന്നു.

നീർ പുത്തൂർ ശിവ ക്ഷേത്രത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ക്ഷേത്രത്തിൻ്റെ അകത്തളത്തിന് ചുറ്റും ജലം നിറഞ്ഞിരിക്കുന്നു എന്നതാണ്. ശ്രീകോവിലും പ്രദക്ഷണവഴിയും ബലിക്കല്ലും വെള്ളത്തിൽ തന്നെയാണ്. ഇത്തരത്തിൽ കേരളത്തിൽ നിരവധി ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും നീർ പുത്തൂർ ശിവ ക്ഷേത്രത്തിൻ്റെ അകത്തളത്തിൽ കെട്ടികിടക്കുന്ന ജലം എത്ര അധിച്ച വേനലായാലും വറ്റാറില്ല. ക്ഷേത്രത്തിൻ്റെ പ്രധാന ശിവ പ്രതിഷ്‌ഠ ശിവലിംഗ രൂപത്തിലാണ്. വർഷം മുഴുവനും ക്ഷേത്രം പൂർണ്ണമായും ജലത്താൽ നിറഞ്ഞിരിക്കുന്നത് ഗംഗാദേവിയുടെ സാന്നിദ്ധ്യം മൂലമാണ് എന്ന് വിശ്വസിക്കപ്പെടുന്നു.മഴക്കാലമാണ് ക്ഷേത്ര സന്ദർശനത്തിന് ഉചിതമായ സമയം. ശിവൻ സ്വയം ജലധാര ചെയ്യുന്ന ഭഗവൽ സങ്കല്പമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. ശിവൻ സ്വയംഭൂ രൂപത്തിൽ ഇവിടെ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ശിവനെ നീർപ്പുത്തൂരപ്പൻ എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തെ ചുറ്റിപറ്റി നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്.

ഉഗ്രകോപത്തിലായ മഹാദേവൻ്റെ കോപത്തെ ശമിപ്പിക്കുവാൻ തിരുജഡയിൽ നിന്നും സ്വയം ഒഴുകി ഗംഗാദേവി, തുടർന്ന് ഗംഗ ജലമാണ് ക്ഷേത്രത്തിലെ നാലമ്പലത്തിൽ നിറഞ്ഞിരിക്കുന്നത് എന്നാണ് ഐതിഹ്യം. ഗംഗാതീർത്ഥം നിറഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്താനാവില്ല. മേൽശാന്തി മാത്രമാണ് ജലത്തിലൂടെ നടക്കുന്നത്. പാട്ടുപുരയിൽ നിന്ന് മാത്രമേ ഭക്തർക്ക് ദർശനം നടത്തുവാൻ സാധിക്കൂ. ക്ഷേത്രത്തിൻ്റെ ഉപദേവതകളാണ് ഗണപതിയും, അന്തിമഹാകാളനും. ക്ഷേത്രത്തിൻ്റെ പിൻവിളക്ക് പാർവ്വതി ദേവിക്കായി സമർപ്പിച്ചിട്ടുണ്ട്.മഹാശിവരാത്രി, സഹസ്ര ദീപം എന്നിവയാണ് ക്ഷേത്രത്തിൻ്റെ പ്രധാന ഉത്സവങ്ങൾ. എല്ലാ വർഷവും മേടമാസത്തിലെ രണ്ടാം ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷം നടത്താറുള്ളത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഈ ക്ഷേത്രത്തിന് 3000 വർഷത്തിലേറെ പഴക്കമുണ്ട്. നിലവിൽ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com