
അംബര്‍നാഥ് ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഹിന്ദു ആരാധനാലയം കൂടിയാണിത്. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഒരുപാട് പ്രാധാന്യം നമ്മുടെ നാട് നൽകിയിരുന്നു. ഒരു മനുഷ്യന്റെ ജീവിതം അവന്റെ വിശ്വാസത്തിൽ ആശ്രയിച്ചിരുന്ന കാലം, ആരാധനാ മൂർത്തികൾക്ക് പ്രാധാന്യമേറെ കല്പിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു അംബർനാഥ് ക്ഷേത്രം (AMBARNATH TEMPLE) നിർമ്മിച്ചത്. ആരാധനയുടെയും അതിശയകരമായ വാസ്തുവിദ്യാ വൈദഗ്ധ്യത്തിൻ്റെയും പ്രതിനിധാനമാണ് ഈ ക്ഷേത്രം.
മഹാരാഷ്ട്രയിലെ തിരക്കേറിയ മുംബൈ നഗരത്തിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലെ താനെയിലാണ് ആകാശത്തെ ആലിംഗനം ചെയ്ത് കൊണ്ട് അംബര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാൽധുനി നദിയുടെ തീരത്ത് എ ഡി 1060ൽ ശിലാഹര രാജാവ് ചിത്തരാജാവാണ് ക്ഷേത്രം നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. പൂർണ്ണമായും കല്ലിൽ മനോഹരമായി കൊത്തിയെടുത്തിരിക്കുന്നു ഈ ക്ഷേത്രം.
ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം
ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ നിരവധി കഥകളുണ്ട്. ചിലത് ഐതിഹ്യവും ചിലതൊക്കെ പുരാണ കഥകളുമാണ്. പതിനൊന്നാം നൂറ്റാണ്ടിൽ ചിത്തരാജാവ് നിർമ്മിച്ചതാണെന്നും പിന്നീട് ക്ഷേത്രത്തിന്റെ കല്ല് പണികൾ അദ്ദേഹത്തിന്റെ മകനായ മമ്മുണിയാണ് പൂർത്തീകരിച്ചതെന്നും പറയപ്പെടുന്നു. സംസ്കൃത പദമായ അംബര്‍നാഥ എന്ന വാക്കിന്റെ അർത്ഥം ആകാശത്തിന്‍റെ നാഥന്‍ അല്ലെങ്കില്‍ ആകാശത്തിന്റെ രാജാവ് എന്നാണ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യം മഹാഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാണ്ഡവരുടെ വനവാസ കാലത്താണ് ക്ഷേത്രം നിർമ്മിച്ചതെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ പാണ്ഡവർക്ക് ക്ഷേത്ര നിർമ്മിതി പൂർത്തിയാക്കുവാൻ സാധിച്ചിരുന്നില്ല. ഇതിന്റെ തെളിവായി ഇപ്പോഴും ശ്രീകോവിലിന്റെ മേൽക്കൂരയുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. ഒരുപക്ഷെ പാണ്ഡവരുടെ വരവിനെ സാധൂകരിക്കുന്നതാവും നിർമ്മിതി പൂർത്തിയാക്കാത്ത മേൽക്കൂര. ഇപ്പോഴും ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളിലെ മേൽക്കൂര ആകാശത്തേക്ക് തുറന്നു കിടക്കുന്ന രീതിയിൽ തന്നെയാണ് ഉള്ളത്.
വാസ്തുവിദ്യയുടെ അത്ഭുത ലോകം
ഈ ക്ഷേത്രം ഹേമദ്പന്തി എന്ന പ്രത്യേക വാസ്തുവിദ്യാ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കറുത്ത കല്ലിൽ നിർമ്മിച്ച കൂർത്ത ഗോപുരങ്ങളായ ശിഖര അതിവിശദമായ കൊത്തുപണികൾക്കും പ്രശസ്തമാണ്. അർധമണ്ഡപം, സഭാമണ്ഡപം, അന്തർമണ്ഡപം, എന്നിങ്ങനെ മൂന്ന് മണ്ഡപങ്ങളുണ്ട് ഈ ക്ഷേത്രത്തിൽ.ഓരോന്നും സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് അംബർനാഥിലെ ശ്രീകോവിലിന്റെ സ്ഥാനം. ശ്രീകോവിലിലേക്ക് കടക്കുവാന്‍ 30 പടികള്‍ ഇറങ്ങണം. ഗർഭ ഗൃഹ എന്ന പ്രധാന അറയിൽ ശിവലിംഗത്തെ ദർശിക്കുവാൻ സാധിക്കും.
ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ചുവരുകളിൽ കറുത്ത കല്ലിൽ ദേവന്മാരുടെയും ദേവീരൂപങ്ങളുടെയും അതിമനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഈ കൊത്തുപണികൾ കലാസൃഷ്ടികൾ പോലെയാണ്, അക്കാലത്തെ മനുഷ്യർ എത്രത്തോളം സർഗ്ഗാത്മകരായിരുന്നു എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് മഹാശിവരാത്രി. മഹാശിവരാത്രിക്ക് രണ്ട് ദിവസം മുമ്പ് ആരംഭിച്ച് പിറ്റേന്ന് വരെ നീണ്ടുനിൽക്കുന്നു ക്ഷേത്രത്തിലെ ആഘോഷങ്ങൾ.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമായ അംബർനാഥ് കാലത്തിൻ്റെ സാക്ഷിയായി നിലകൊള്ളുന്നു. രാജവംശങ്ങളുടെ ഉയർച്ചയും തകർച്ചയും ആചാരങ്ങളിലെയും ഭരണ പരിഷ്കാരങ്ങളിലെയും മാറ്റങ്ങളിൽ കൂടി ക്ഷേത്രം കടന്നു പോയി. ഒന്നിലധികം തവണയെങ്കിലും ക്ഷേത്രം പുനർനിർമ്മിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിട്ടുണ്ടാകാമെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
ദിവസവും രാവിലെ 6:00 മുതൽ രാത്രി 10:30 വരെ ഭക്തർക്ക് ക്ഷേത്രം സന്ദർശിക്കാവുന്നതാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ അംബർനാഥ് ശിവ ക്ഷേത്രം സ്ഥാനം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെയും ആത്മീയ പ്രാധാന്യത്തിൻ്റെയും തെളിവായി അംബർനാഥ് ക്ഷേത്രം നിലകൊള്ളുന്നു. അതിൻ്റെ സങ്കീർണ്ണമായ വാസ്തുവിദ്യയും നിഗൂഢമായ നിർമ്മാണ രീതിയും ചരിത്രപരമായ പ്രാധാന്യവും ഭക്തരെയും ഗവേഷകരെയും ഒരുപോലെ ആകർഷിക്കുന്നു.