
ജോഖാങ് എന്നൊരു ബുദ്ധക്ഷേത്രമുണ്ട് ടിബറ്റിൽ (Jokhang Temple). ഈ ക്ഷേത്രത്തിനു പിന്നിലുള്ള കഥയാണ് മറ്റു ബുദ്ധ ക്ഷേത്രങ്ങളിൽ നിന്നും ജോഖാങ്ങിനെ വ്യത്യസ്തമാക്കുന്നത് . ഭാര്യയ്ക്ക് സ്ത്രീധനമായി കിട്ടിയ ബുദ്ധ പ്രതിമക്കായി ഒരു രാജാവ് ഒരു വലിയ ക്ഷേത്രം തന്നെ പണിതീർക്കുന്നു , അതാണ് ജോഖാങ് ക്ഷേത്രം. ടിബറ്റിൽ ലഹാസയിലാണ് ജോഖാങ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് .ഈ ക്ഷേത്രം ലഹാസയുടെ ഹൃദയമെന്ന് അറിയപ്പെടുന്നു.
1300 വർഷം പഴക്കമുള്ള ജോഖാങ് ക്ഷേത്രം ടിബറ്റിൻ്റെ ആത്മീയ കേന്ദ്രമാണ്. ടിബറ്റ് രാജാവായിരുന്ന സ്രോങ്‌സെൻ ഗാംപോ നേപ്പാളി രാജകുമാരി ഭ്രികുടി ദേവിയെ വിവാഹം കഴിച്ചപ്പോൾ ഒരു ബുദ്ധ ചിത്രം ലഭിച്ചിരുന്നു .ഈ ബുദ്ധ ചിത്രത്തിന് വേണ്ടി രാജാവ് ഒരു ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു .ഇത് റാമോച്ചെ എന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു.പിന്നീട്, താങ് രാജവംശത്തിലെ ചൈനീസ് ചക്രവർത്തിയായ ടൈസോങ്ങുമായി ബന്ധം സ്ഥാപിക്കുന്നതിനായി, സ്രോങ്‌സെൻ ഗാംപോ ടൈസോങ് രാജാവിന്റെ മകളായ വെൻചെങ് രാജകുമാരിയെ വിവാഹം കഴിച്ചു. 640-ൽ രാജാവിൻ്റെ ചൈനീസ് ഭാര്യയായി വെൻചെങ് ടിബറ്റിലേക്ക് വന്നപ്പോൾ സ്ത്രീധനമായി ശാക്യമുനി ബുദ്ധൻ്റെ ഒരു ചിത്രം കൊണ്ടുവന്നിരുന്നു. ബുദ്ധമതത്തിൻ്റെ സ്ഥാപകനായ 12 വയസ്സുള്ള ജോവോ ശാക്യമുനിയുടെ (ഗൗതമ ബുദ്ധൻ) വലിപ്പമുള്ള പ്രതിമയായിരുന്നത്. ഈ പ്രതിമ സ്ഥാപിക്കുന്നതിനായി രാജാവ് ജോഖാങ് ക്ഷേത്രം നിർമ്മിച്ചു .ജോഖാങ് ക്ഷേത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ പ്രതിമയാണിത്.
ടിബറ്റും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായിയും സോങ്‌സെൻ രാജാവ് തൻ്റെ രാജ്ഞിയായ വെൻചെങ് രാജകുമാരിയോടുള്ള സ്‌നേഹം കാത്തുസൂക്ഷിച്ചതിൻ്റെ തെളിവായാണ് ജോഖാങ് ക്ഷേത്രം നിർമ്മിച്ചത്. ടിബറ്റിലെ ഏറ്റവും പഴക്കമുള്ള സാംസ്‌കാരിക കേന്ദ്രമായ ജോഖാങ് ക്ഷേത്രം ടിബറ്റൻ, ചൈനീസ്, നേപ്പാളീ, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ സമന്വയം പ്രദർശിപ്പിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രം യുവാൻ, മിംഗ്, ക്വിംഗ് രാജവംശങ്ങളുടെ കാലത്ത് നിരവധി പുനർനിർമ്മാണങ്ങൾക്ക് വിധേയമായിട്ടുണ്ട്.
ഇന്ന്, ലാസ നഗരത്തിൻ്റെ മധ്യഭാഗത്ത് 25,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ക്ഷേത്രത്തിൽ മൂന്ന് നിലകളും തുറന്ന മേൽക്കൂരയും നിരവധി ചാപ്പലുകളും അറകളും ഉൾപ്പെടുന്നു. ടിബറ്റിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഈ പുണ്യ തീർത്ഥാടന കേന്ദ്രം തീർച്ചയായും കണ്ടിരിക്കേണ്ട ആകർഷണമാണ്.ഒരു സ്ത്രീധന വസ്തു എന്നതിന്നും അപ്പുറത്താണ് ജോഖാങ് ക്ഷേത്രത്തിൻ്റെ പ്രസക്തി. ഒരു ക്ഷേത്രം ഒരു നാടിൻ്റെ സാംസ്കാരിക വളർച്ചയ്ക്കും ആത്മീയ പാതയ്ക്കും വഴിതിരിവായി മാറുന്നു.ടിബറ്റിൻ്റെ ഭൂതകാലവും വർത്തമാനത്തിനും ഇടയിലുള്ള ഒരു പാലമെന്ന നിലയിൽ ഈ ഐതിഹാസിക ക്ഷേത്രം രാജ്യത്തിൻ്റെ പൈതൃകവും പരമ്പര്യവും ശാശ്വതമായി നിലകൊള്ളുന്നു എന്ന് ഉറപ്പാക്കുന്നു.