അത്ഭുതകരമായ ഒരു നിർമിതി, പുരി ജഗന്നാഥ ക്ഷേത്രം.!

അത്ഭുതകരമായ ഒരു നിർമിതി, പുരി ജഗന്നാഥ ക്ഷേത്രം.!
Published on

വളരെപ്രശസ്തമായ ഇന്ത്യയിലെ ക്ഷേത്രങ്ങളിലൊന്നാണ് ഒഡിഷയിലെ പുരിയിലുള്ള ജഗന്നാഥ ക്ഷേത്രം. മോക്ഷപ്രാപ്തിക്കായി ഭക്തർ നടത്തുന്ന നാലമ്പല ദർശനങ്ങൾ അഥവാ "ചാർ ധാമി" ലെ ഒന്നാണിത്. എല്ലാ വർഷവുമുള്ള രഥയാത്ര ഇവിടത്തെ അതിപ്രധാനമായ ആഘോഷമാണ്. എന്നാൽ ആളുകളെ അതിശയിപ്പിക്കുന്ന കാര്യമെന്തെന്നാൽ, ഇവിടെ സന്ദർശിക്കുമ്പോൾ കാണാവുന്ന അവിശ്വസനീയമായ കാര്യങ്ങളാണ്. അതിലൊന്ന്, കാറ്റിൻറെ ഗതിക്കു എതിർദിശയിൽ പറക്കുന്ന ക്ഷേത്രഗോപുരത്തിലെ കൊടിയാണ്. മറ്റൊന്ന്, ഗോപുരത്തിൽ സ്ഥാപിച്ചിട്ടുള്ള സുദർശന ചക്രമാണ്. ഏതു ഭാഗത്തു നിന്ന് നോക്കിയാലും നോക്കുന്നയാൾക്കു നേരെ കാണും വിധത്തിലുള്ള അതി വിദഗ്ധമായ നിർമ്മിതിയാണിത്. ഒരു പ്രത്യേക നിയമവുമില്ലാതെതന്നെ, ക്ഷേത്രത്തിനുമുകളിലൂടെ പക്ഷികളോ വിമാനങ്ങളോ പറക്കാറില്ല എന്നത് ഒരത്ഭുതം തന്നെ. ദിവസത്തിലൊരിക്കൽ പോലും , ക്ഷേത്രത്തിനു മുകളിൽ നിഴൽ പതിക്കുന്നില്ല എന്ന വസ്തുത നിർമ്മാണ വൈദഗ്ധ്യമോ അതോ മറ്റേതെങ്കിലും ശക്തിയാണോ എന്ന് ചിന്തിക്കാതെ വയ്യ. പ്രധാന കവാടമായ സിംഹദ്വാരത്തിലൂടെ പ്രവേശിക്കുന്നതുവരെ മാത്രമേ, തൊട്ടടുത്തുള്ള കടലിരമ്പുന്ന ശബ്ദം കേൾക്കാൻ കഴിയു. അമ്പലത്തിനകത്തേക്കു കയറിയാൽ പിന്നെ ഇത് കേൾക്കാൻ സാധിക്കില്ല. ദിനംപ്രതി, നാൽപ്പത്തിയഞ്ച് നിലയുയരമുള്ള ഗോപുരത്തിന്റെ കോടി മാറ്റുക എന്നത് ആയിരത്തിയെണ്ണൂറ് വര്ഷം പഴക്കമുള്ള ആചാരമാണ്. ഇതിനു ഭംഗം വന്നാൽ അടുത്ത പതിനെട്ടു വർഷത്തേക്ക് ക്ഷേത്രം അടഞ്ഞു കിടക്കും എന്നാണ് പറയപ്പെടുന്നത്. ദിവസേന സന്ദർശനത്തിന് എത്ര ഭക്തർ എത്തിയാലും, ക്ഷേത്രത്തിൽ പാകം ചെയ്യുന്നത് ഒരേ അളവിലുള്ള പ്രസാദമാണ്. എന്നിരുന്നാലും, ഒരു ദിവസം പോലും, പ്രസാദം തികയാതെവരികയോ, ബാക്കിവരികയോ ചെയ്യുന്നില്ല. വിറകടുപ്പിൽ, ഏഴു കലങ്ങൾ, ഒന്നിന് മുകളിൽ മറ്റൊന്ന് എന്നവിധം ക്രമീകരിച്ചാണ് പ്രസാദം ഉണ്ടാക്കുന്നത്. ഇതിലാദ്യം പാകമാകുന്നത് , ഏറ്റവും മുകളിലത്തെ കലത്തിലുള്ള പ്രസാദമാണെന്നത് ഏവരെയും അതിശയിപ്പിക്കുന്നു. ശാസ്ത്രത്തിനതീതമായൊരു ശക്തിയുണ്ടോ എന്ന് സംശയിക്കും വിധമാണ് ഈ ക്ഷേത്രം തരുന്ന അനുഭവങ്ങൾ. !!!

ഇവിടത്തെ വിഗ്രഹങ്ങളും വ്യത്യസ്തമാണ്…

മൂന്നു വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. ജഗന്നാഥൻ അഥവാ കൃഷ്ണൻ, സഹോദരനായ ബലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങളാണിവ. ബലഭദ്രന്റെ വിഗ്രഹം ആറടി ഉയരമുള്ളതും വെളുത്ത ചായം പൂശിയതുമാണ്. സുഭദ്രയുടേത് നാലടി ഉയരവും മഞ്ഞ നിറത്തിലുള്ളതുമാണ്. ജഗന്നാഥന്റെ വിഗ്രഹം അഞ്ചടി ഉയരവും കറുത്ത നിറത്തിലുള്ളതുമാണ്. എല്ലാ വിഗ്രഹങ്ങളും മരത്തിൽ തീർത്തതും നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചവയുമാണ്. പുരുഷവിഗ്രഹങ്ങൾക്ക് ചെവിഭാഗത്തുനിന്ന് കൈകളുണ്ട്. എന്നാൽ സുഭദ്രയുടെ വിഗ്രഹത്തിന് കൈയോ കാലോ ഇല്ലമരത്തിൽ തീർത്തതിനാൽ ഈ വിഗ്രഹങ്ങൾ ഇടക്കിടെ പുനർ നിർമ്മിക്കേണ്ടതുണ്ട്. ദൈവികവെളിപാട് കിട്ടുമ്പോഴാണ് ഇവ പുനർനിർമ്മിക്കുന്നത് എന്ന് പറയപ്പെടുന്നു. അങ്ങനെ പന്ത്രണ്ടോ ഇരുപത്തിനാലോ വർഷം കൂടുമ്പോഴാണ് ഇവ പുനർനിർമ്മിക്കുന്നത്. പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്:-

വിഗ്രഹങ്ങൾ ആര്യവേപ്പിന്റെ തടിയിലാണ് തീർക്കേണ്ടത്
ഇതിനായി തെരഞ്ഞെടുക്കുന്ന മരത്തിൽ പക്ഷികളുടേയോ മറ്റോ കൂടുകൾ ഉണ്ടായിരിക്കരുത്
മറ്റൊരു വൃക്ഷത്തിന്റെ നിഴൽ വീഴുന്ന വൃക്ഷമായിരിക്കരുത്
താഴെ പാമ്പുകൾ അധിവസിക്കുന്ന വൃക്ഷമായിരിക്കണം.
ഇതിനു പുറമേ മരത്തിന്റെ തൊലിക്കടിയിൽ വിഷ്ണുവിന്റെ കൈയിലുള്ള ശംഖിന്റേയും ചക്രത്തിന്റേയും അടയാളവും ഉണ്ടായിരിക്കണം

ഐതിഹ്യം

ശ്രീകൃഷ്ണന്റെ വിയോഗത്തിന് ശേഷം ഭഗവാന്റെ ആത്മാവ് നീല നിറത്തിലുള്ള ഒരു ശിലയിൽ വിലയം പ്രാപിച്ചു. നീലമാധവനായ ആ ആത്മാവ് പിന്നീട് ആദിവാസി രാജാവായ വിശ്വവസുവിന്റെ അടുക്കലെത്തി ചേർന്നു. വിശ്വവസു ആരാധിക്കുന്ന നീലമാധവനെ പറ്റിയറിഞ്ഞ രാജാവ് ഇന്ദ്രദ്യുമ്നൻ അതു കണ്ടെത്താൻ വേണ്ടി വിദ്യാപതി എന്നൊരു ബ്രാഹ്മണനെ വേഷം മാറി അങ്ങോട്ടയച്ചു. പക്ഷെ വിശ്വവസു വിഗ്രഹം കാണിച്ചു കൊടുക്കാൻ തയ്യാറായിരുന്നില്ല. വിദ്യാപതി പിന്മാറിയില്ല. അയാൾ അവിടെ താമസമാക്കി. പോകെപ്പോകെ വിശ്വവസുവിന്റെ മകളുമായി അയാൾ ഇഷ്ടത്തിലാവുകയും അവർ വിവാഹിതരാവുകയും ചെയ്തു. മകളെ ഉപയോഗിച്ചു സമ്മർദ്ദം ചെലുത്തി ഒടുവിൽ നീലമാധവനെ കാണിച്ചു തരാൻ വിശ്വവസുവിനെ കൊണ്ടു സമ്മതിപ്പിക്കുന്നതിൽ അയാൾ വിജയം കണ്ടു. വേറെ വഴിയില്ലാതെ വിദ്യാപതിയെ കണ്ണു കെട്ടി നീലമാധവഃ വിഗ്രഹമിരിക്കുന്ന ഗുഹയിലേക്ക് വിശ്വവസു കൊണ്ടു പോയി.

പക്ഷെ ബുദ്ധിമാനായ വിദ്യാപതി കയ്യിലൊരു കിഴി നിറയെ കടുക് കരുതിയിരുന്നു. പോകുന്ന വഴിയിൽ വിശ്വവസുവിന്റെ ശ്രദ്ധയിൽ പെടാതെ തനിക്കു പിന്നിലായി അയാൾ കടുക് മണികൾ വിതറിക്കൊണ്ടിരുന്നു . ഗുഹയിലെത്തി വിഗ്രഹം കണ്ടു വണങ്ങി വിദ്യാപതി നാട്ടിൽ തിരിച്ചെത്തി. രാജാവിനോട് വിവരങ്ങൾ അറിയിച്ചു. സന്തുഷ്ടനായ ഇന്ദ്രദ്യുമ്നൻ അങ്ങനെ കാട്ടിലേക്ക് തിരിച്ചു. അപ്പോഴേയ്ക്കും വിദ്യാപതി അന്ന് വിതറിയ കടുകുമണികൾ മുള പൊട്ടി ചെടികളായി വളർന്നു തുടങ്ങിയിരുന്നു. അതായിരുന്നു നീല മാധവൻ ഇരിക്കുന്ന ഗുഹയിലേക്കുള്ള വഴി കണ്ടുപിടിക്കാനുള്ള അടയാളം. എന്നാൽ അവരെ അമ്പരപ്പിച്ചുകൊണ്ട് വിഗ്രഹം മണലിൽ താഴ്ന്ന് അപ്രത്യക്ഷമായി. ആകെ നിരാശനായ രാജാവ് ദർശനം കിട്ടുന്നത് വരെ അവിടെ നിരാഹാരം ഇരിക്കാൻ തീരുമാനിച്ചു.

കുറച്ചുനാൾ കഴിഞ്ഞു ഒരു ദിവസം പെട്ടെന്നൊരു അശരീരി ഉണ്ടായി. സമുദ്ര തീരത്തു പോയി അവിടെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന സുഗന്ധമുള്ള ഒരു മരം കൊണ്ടുപോയി വിഗ്രഹം ഉണ്ടാക്കാൻ അശരീരി രാജാവിനോട് നിർദേശിച്ചു. ഒപ്പം സാക്ഷാൽ ഭഗവാൻ തന്നെ അദ്ദേഹത്തിന് ദർശനവും നൽകി. നിർദേശമനുസരിച്ച് ഇന്ദ്രദ്യുമ്നൻ ആ മരം കണ്ടെത്തി കൊട്ടാരത്തിൽ എത്തിച്ചു.

താൻ മാത്രം നേരിൽ കണ്ട ഭഗവത് രൂപം ആ മരത്തിൽ കൊത്തിയെടുക്കാൻ രാജാവ് ശില്പികളെ നിയോഗിച്ചു. പക്ഷെ അത്ഭുതമെന്നോണം അവർക്ക് ആ മരത്തിൽ ഒരു പോറൽ വീഴ്ത്താൻ പോലും കഴിഞ്ഞില്ല. വീണ്ടും രാജാവ് പ്രാർത്ഥന തുടങ്ങി. അങ്ങനെ ദേവശിൽപിയായ വിശ്വകർമ്മാവ് തന്നെ വേറൊരു വേഷപ്പകർച്ചയിൽ കൊട്ടാരത്തിലെത്തി. വിഗ്രഹം താൻ കൊത്തിയുണ്ടാക്കാമെന്നും പക്ഷെ 21 ദിവസം അടച്ചിട്ട വാതിലിൽ ആയിരിക്കും താൻ ജോലി ചെയ്യുന്നതെന്നും അതുവരെ ആരും അതു തുറക്കാൻ പാടില്ല എന്നൊരു നിബന്ധനയും അയാൾ വച്ചു. രാജാവ് സമ്മതിച്ചു.

അങ്ങനെ ശിൽപി തന്റെ ജോലി ആരംഭിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും രാജ്ഞിയ്ക്ക് ക്ഷമ നശിച്ചു. അകത്തു നിന്നു അനക്കമൊന്നും കേൾക്കാത്തത് കൊണ്ടു ശില്പി ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാവും തുറന്നു നോക്കാം എന്നൊക്കെ പലതവണ നിർബന്ധിച്ചു ഒടുവിൽ സഹികെട്ടു രാജാവ് വാതിൽ തുറന്നു. മലർക്കെ തുറന്ന വാതിലിനു പുറകിൽ അവർ കണ്ടത് അപൂർണമായ വിഗ്രഹമാണ്. പണി പകുതി പോലും തീരാത്ത വിഗ്രഹങ്ങൾ ബാക്കിയാക്കി ശിൽപി അപ്രത്യക്ഷമായിരുന്നു. ആ രൂപങ്ങളാണ് ഇപ്പോഴും ക്ഷേത്രത്തിനുള്ളിൽ കാണുന്നത്.

English Summary: An amazing structure, Puri Jagannath Temple.!

Related Stories

No stories found.
Times Kerala
timeskerala.com