
നിഗൂഢതയുടെ ആവരണം അണിഞ്ഞ പ്രേതാത്മാക്കൾ വിഹരിക്കുന്ന ഹൊയ്‌യ ബസിയു കാട് (Hoia Baciu Forest). സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ കാടിനെ വലയം ചെയ്ത നിശബ്ദത്തയെ ഭേദിച്ച് കൊണ്ട് മുഴങ്ങുന്നത് നിലവിളികൾ മാത്രമാണ്. ആരും വസിക്കാത്ത കാട്ടിനുള്ളിൽ അലഞ്ഞു നടക്കുന്ന അജ്ഞാത ശക്തികളും. നിഗൂഢവും അജ്ഞാതവുമായ പ്രതിഭാസങ്ങൾ കൊണ്ട് ഏറെ പ്രസിദ്ധമാണ് ഹൊയ്‌യ ബസിയു കാട്. അസാധാരണമായ പ്രതിഭാസങ്ങൾ കാരണം ഈ കാടിന് ലോകം ചാർത്തി നൽകിയ തലക്കെട്ടാണ് "ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള വനം" (World's Most Haunted Forest) എന്നത്.
ഡ്രാക്കുള പ്രഭുവിന്‍റെ നാടായ ട്രാന്‍സില്‍വാനിയയിലാണ് ഹൊയ്‌യ ബസിയു പ്രേതവനം സ്ഥിതിചെയ്യുന്നത്. ട്രാൻസിൽവാനിയുടെ ബര്‍മുഡാ ട്രയംഗിള്‍ (Bermuda Triangle of Transylvania) എന്ന പേരിലും അറിയപ്പെടുന്ന ഈ കാട് സാക്ഷ്യം വഹിച്ചത്തൊക്കെയും മനുഷ്യന്റെ ചിന്താശേഷിക്കുംഅപ്പുറമുള്ള കാര്യങ്ങളായിരുന്നു. ഒരിക്കൽ ഒരാട്ടിടയൻ തന്റെ 200 ഓളം വരുന്ന ആട്ടിൻപറ്റങ്ങളുമായി ഹൊയ്‌യ ബസിയു വന മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ആട്ടിൻപറ്റങ്ങൾ കാട്ടിനുള്ളിലേക്ക് ചിതറിയോടുന്നു. ആട്ടിടയനും അവയ്ക്ക് പിന്നാലെ കാടിനുള്ളിലേക്ക് പോകുവാൻ തുടങ്ങുന്നു. പക്ഷെ അയാളുടെ കൂടെയുണ്ടായിരുന്നവർ കാട്ടിനുളിലേക്ക് പോകുന്നത് ആപത്താണ് എന്ന് ആട്ടിടയനോട് പറഞ്ഞുവെങ്കിലും അയാൾ മറ്റുള്ളവരുടെ വാക്കുകൾ ചെവികൊള്ളാതെ കാടിനുള്ളിലേക്ക് തന്നെ പോകുന്നു. പക്ഷെ സമയം ഏറെ വൈക്കിയിട്ടും ആട്ടിടയൻ കാട്ടിനുള്ളിൽ നിന്നും മടങ്ങി എത്തിയില്ല. കാണാതെയായ 200 ആടുകളും തിരികെ എത്തിയില്ല. അന്ന് കാണാതെയായ ആട്ടിടയന്റെ പേരിലാണ് പിൽകാലത്ത് കാട് അറിയപ്പെടുവാൻ തുടങ്ങി.
കര്‍പ്പാത്തിയന്‍ പര്‍വ്വതനിരകളുടെ ഭാഗമായ ട്രാന്‍സില്‍വേനിയന്‍ ആല്‍പ്‌സിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പ്രദേശതാണ് ഹൊയ്‌യ ബസിയു കാട് സ്ഥിതിചെയുന്നത്. ഈ കാട്ടിൽ വീശുന്ന കാറ്റിനുമുണ്ട് നിഗൂഢത. കാട്ടിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ മറ്റെതോ ലോകത്ത് എത്തിയത് പോലെയുള്ള അനുഭൂതി പിടിപ്പെടുന്നു. മരത്തിന്റെ ചില്ലകൾ തമ്മിൽ പരസ്പരം ഉരയുന്ന ശബ്ദം പോലും തീർത്തും ഭയാനകമാണ്. 300 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന കാടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പ്രേതങ്ങളുടെ കഥകൾ നിരവധിയാണ് എന്നാൽ ഹൊയ്‌യ ബസിയു ലോകത്തിന്റെ നെറുകൈയിൽ എത്തുന്നത് 1968 ഓടെയാണ്. എമിൽ ബാർണിയ എന്ന മിലിറ്ററി ടെക്‌നീഷ്യൻ 1968 ഓഗസ്റ്റ് 18 ന് കാട്ടിലെ ഒരു ചിത്രം പകർത്തുന്നു. കാട്ടിനുമുകളിലൂടെ സഞ്ചരിക്കുന്ന ഒരു പേടകത്തിന്റെ ചിത്രമായിരുന്നു അത്. ചിത്രം വളരെ പെട്ടന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ആ പേടകം അന്യഗ്രഹജീവികളുടേതാണ് എന്ന വാദവും ആ കാലത്ത് ശക്തമായിരുന്നു. പേടകം സഞ്ചരിച്ചു എന്ന് പറയപ്പെടുന്ന കാട്ടിന്റെ ആ ഭഗത്ത് മരങ്ങൾ വളരുന്നില്ല. ഈ ഭാഗത്തെ മരങ്ങൾ ആരോ വെട്ടിത്തെളിച്ചത് പോലെയാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ തവണ യുഎഫ്ഒകൾ ( UFO) കാണപ്പെട്ട സ്ഥലം എന്ന ഖ്യാതിയും ഹൊയ്‌യ ബസിയു കാട്ടിന് സ്വന്തമാണ്.
പേടകം മാത്രമായിരുന്നില്ല ചർച്ച വിഷയമായത്, കാടിനുള്ളിൽ രാത്രികാലങ്ങളിൽ തെളിയുന്ന വെളിച്ചവും നിഗുഢതകളുടെ ആഴങ്ങളിലേക്ക് ഹൊയ്‌യ ബസിയു കാടിനെ തള്ളിയിടുന്നു. കാട്ടിൽ തെളിയുന്ന നിഗൂഢ വെളിച്ചത്തെ പിൻപറ്റി പഠനങ്ങൾ നടത്തിയിരുന്നു. പക്ഷെ അപ്പോഴും വ്യക്തമായ കാരണങ്ങൾ കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. രാത്രികാലങ്ങളിൽ കാട്ടിനുള്ളിൽ നിന്നും വെളിച്ചത്തിന്റെ 'ഗോളങ്ങൾ' കാണാമെന്ന് പ്രദേശവാസികൾ പറയുന്നു. സ്ത്രീകളുടെ അലറിക്കരച്ചിലുകളും അടക്കിപ്പിടിച്ചതുപോലുള്ള സംസാരവുമെല്ലാം ഇവിടെ നിന്നും നിരന്തരം ആളുകൾ കേൾക്കാറുള്ളതായി പറയുന്നു. കാട്ടിന്റെ അടുത്തുകൂടെ പോകുവാൻ പോലും ഇവിടുത്തുകാർക്ക് ഭയമാണ്. ആരോ തങ്ങളെ ഇരുട്ടിന്റെ മറവിൽ നിന്നും നിരീക്ഷിക്കുന്നത് പോലെ പലർക്കും തോയിട്ടുണ്ട്.
ധൈര്യം സംഭരിച്ച കാട്ടിനുള്ളിൽ പ്രവേശിച്ചവർക്കും പല അനിഷ്ടസംഭവങ്ങളും നേരിടേണ്ടി വരുന്നു. ദേഹമാസകലം ചൊറിച്ചിൽ, ശരീരത്തിൽ ആരോ ആക്രമിച്ചത് പോലെയുള്ള മുറിവുകൾ, തലകറക്കം, ഛർദി എന്നിവ കാട്ടിനുള്ളിൽ എത്തിപ്പെടുന്നവർക്ക് അനുഭവപ്പെടുന്നു. ഇത്തരം ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണം ആർക്കും അധിക നേരം കാട്ടിനുള്ളിൽ ചിലവഴിക്കുവാൻ സാധിക്കുന്നില്ല. ശാസ്ത്രീയമായ കാരണങ്ങൾ കൊണ്ടാണ് കാട്ടിൽ പ്രേതങ്ങൾ ഉള്ളതായി തോന്നുന്നത് എന്ന വാദവും പ്രസക്തമാണ്. ഹൊയ്‌യ ബസിയു കാടിനെ പറ്റി പ്രചരിക്കുന്ന കഥകൾ എല്ലാം തന്നെ കെട്ടുകഥകൾ മാത്രമാണ് എന്ന് പലരും വിശ്വസിക്കുന്നു. പ്രദേശത്തെ കാന്തിക പ്രഭാവമാണ് കാട്ടിലെ നിഗുഢ പ്രതിഭാസങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു. കാട്ടിലേക്ക് കൂടുതൽ സഞ്ചാരികളെ വരുത്തുവാനുള്ള അടവാണ് ഇതെന്ന് വാദിക്കുന്നവരെയും കാണുവാൻ സാധിക്കും. ഹൊയ്‌യ ബസിയു കാട്ടിലെ പ്രേതങ്ങളും നിഗുഢതകളും യാഥാർഥ്യമോ മിഥ്യയായോ, എന്തായാലും സാഹസികത ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും എത്തിച്ചേരേണ്ട ഒരിടം തന്നെയാണ് യുഎഫ്ഒകൾ വട്ടമിട്ട് പറക്കുന്ന ഈ കാട്.