
ഹൈദരാബാദ്: നടി ഡിംപിൾ ഹയാത്തിക്കും ഭർത്താവ് ഡേവിഡിനും എതിരെ ഗുരുതര ആരോപണങ്ങളുമായി വീട്ടു ജോലിക്കാരി. തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ നടിയാണ് ഡിംപിൾ. ഇവരുടെ ഹൈദരാബാദിലെ വസതിയിൽ ജോലി ചെയ്യുന്നതിനിടെ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടുവെന്നാണ് വീട്ടുജോലിക്കാരി ആരോപിക്കുന്നത്. തന്നെ അപമാനിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും 22 കാരിയായ പ്രിയങ്ക പരാതിപ്പെട്ടു.
ഒഡീഷയിലെ റായഗഡ ജില്ലക്കാരിയാണ് പ്രിയങ്ക. ഇവർ 10 ദിവസത്തോളം മാത്രമാണ് നടിയുടെ വീട്ടിൽ ജോലി ചെയ്തത്. ഇതിനിടയിൽ നടിയും ഭർത്താവും യുവതിയോട് ക്രൂരമായി പെരുമാറി എന്നാണ് ആരോപണം. തന്നെ ക്രൂരമായി ആക്രമിക്കുവാൻ ശ്രമിച്ചുവെന്നും, കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയെന്നും ശരിയായി ഭക്ഷണം പോലും നൽകിയില്ലെന്നും 'നിങ്ങൾ നായ്ക്കൾ ആണ് യാചകരാണ്' എന്നെല്ലാം പറഞ്ഞു അധിക്ഷേപിച്ചു എന്നും പ്രിയങ്ക പറയുന്നു.
സെപ്റ്റംബർ 29 നാണ് വീട്ടുജോലിക്കാരിയുമായുള്ള സംഘർഷം രൂക്ഷമാകുന്നത്. അന്ന് നടിയും ഭർത്താവും തന്നെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയതയി പ്രിയങ്ക പരാതിയിൽ പറയുന്നു. തർക്കത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഡേവിഡ് ഫോൺ തട്ടിപ്പറിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നും പറയുന്നു. സംഘർഷത്തിനിടെ തന്റെ വസ്ത്രങ്ങൾ കീറിപ്പോയെന്നും പിന്നീട് ഏജന്റിന്റെ സഹായത്തോടെയാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും പ്രിയങ്ക മൊഴി നൽകിയിട്ടുണ്ട്.
പ്രിയങ്കയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 74, 78, 351(2), 324(2) എന്നിവ പ്രകാരം പോലീസ് നടിക്കും ഭർത്താവിനുമെതിരെ കേസെടുത്തു. അതേസമയം, വീട്ടുജോലിക്കാരി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഡിംപിൾ ഹയാത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.