
നാദാപുരം: തൂണേരി കോടഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ നാടോടി സ്ത്രീകൾ പിടിയിൽ. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കുന്ന സംഭവം ആവർത്തിക്കുന്നതിനിടയിലാണ് തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിൽ കവർച്ച നടന്നത്. കോടഞ്ചേരിയിലെ തെയ്യുള്ളതിൽ രാമകൃഷ്ണന്റെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് പട്ടാപ്പകൽ മോഷണം നടന്നത്.
വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും അലൂമിനിയം പാത്രങ്ങളും കൊണ്ടുപോകുന്നതിൽ സംശയം തോന്നിയ നാടോടി സംഘത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ ശ്രമമാണെന്ന് മനസ്സിലായത്. ഒരു സ്ത്രീയെ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീയെ ചോദ്യം ചെയ്തുവരുകയാണ്.