
ബംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ പീഡന പരാതി നൽകിയ യുവാവിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം. (Ranjith) ബംഗളൂരു എയര്‍പോര്‍ട്ട് പോലീസാണ് യുവാവിന്റെ മൊഴി ഖപ്പെടുത്തിയത്. മൊഴി പരിശോധിച്ചശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്ട് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.