
കുന്ദമംഗലം: ശുചിമുറി മാലിന്യം ഓടയിൽ തള്ളിയ വാഹനവും പ്രതികളും പിടിയിൽ. കോട്ടംപറമ്പ് ചേരിഞ്ചാൽ റോഡിലുള്ള മനത്താനത്ത് താഴം ബസ് സ്റ്റോപ്പിനു സമീപം ഓവുചാലിലേക്ക് ശുചിമുറി മാലിന്യം തള്ളാനെത്തിയ മലപ്പുറം വാഴയൂർ പുതുക്കുടി പുതുകോട് സ്വദേശി മുഹമ്മദ് അജ്മൽ (26), ഫറോക്ക് സ്വദേശി മേലെ ഇടക്കാട്ടിൽ കുന്നത്തുമൊട്ട അബ്ദുൽ മനാഫ് (38) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ നിന്ന് ശുചിമുറി മാലിന്യം വണ്ടിയിൽ കയറ്റി ആൾപെരുമാറ്റം കുറഞ്ഞ പ്രദേശങ്ങളിൽ ഒഴുക്കിവിടാറാണ് ഇവരുടെ പതിവ്. തിങ്കളാഴ്ച പുലർച്ച 3.30ന് എസ്.ഐ ടി.കെ. ഉമ്മർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു, സിവിൽ പൊലീസ് ഓഫിസർ അഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.