
സുൽത്താൻ ബത്തേരി: നിയമവിരുദ്ധമായി കാറിൽ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്നുപേർ പിടിയിൽ. കൽപറ്റ ചൊക്ലി വീട്ടിൽ സെയ്ദ് (41), മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ ചാലോടിയിൽ വീട്ടിൽ അജ്മൽ അനീഷ് എന്ന അജു (20), പള്ളിയാൽ വീട്ടിൽ പി. നസീഫ് (26) എന്ന ബാബുമോൻ എന്നിവരെയാണ് തെരഞ്ഞെടുപ്പ് സ്പെഷൽ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്.
ബത്തേരി ചുങ്കം ജങ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെ.എൽ 55 വൈ. 8409 നമ്പർ മാരുതി ആൾട്ടോ കാറിന്റെ ഡിക്കിയിൽ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും തിരകളുമായി പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് നാല് തിരകളും കത്തികളും കണ്ടെടുത്തു.