
അഹമ്മദാബാദ്: പണവുമായി ഒളിച്ചോടിയ ഭർത്താവിനെതിരെ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യുവതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. നിരാൽ മോദി എന്ന യുവതിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുജറാത്തിലെ ഭദ്രക് ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
ഒരു ഐടി സ്ഥാപനത്തിന്റെ ഉടമയായ നിരാൽ, ഒഡീഷയിലെ നർസിംഗ്പൂർ ഗ്രാമത്തിലെ മനോജ് നായക്ക് എന്നയാളെ പ്രണയിച്ച് വിവാഹം കഴിച്ചു. വിവാഹശേഷം, നായക് തന്റെ ഗ്രാമത്തിൽ ഒരു ബിസിനസ് തുടങ്ങാൻ നിരാലിനെ പ്രേരിപ്പിച്ചു. ബിസിനസിനായി നിരാൽ തന്റെ വീടും കമ്പനിയുടെ ആസ്തികളും പണയപ്പെടുത്തി, വായ്പയിലൂടെ ഏകദേശം അഞ്ച് കോടി രൂപ സമാഹരിച്ചു.
എന്നാൽ പണം കൈയിലെത്തിയപ്പോൾ നായക്, നിരാലിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പണവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് നിരാൽ പോലീസിൽ പരാതി നൽകി. എന്നാൽ പരാതിയിന്മേൽ പോലീസ് നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് നിരാൽ പോലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
നായകിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ബോന്ത് പോലീസ് സ്റ്റേഷന്റെ ഇൻസ്പെക്ടർ ഇൻ ചാർജ് ശ്രീബല്ലവ് സാഹു പറഞ്ഞു. ദമ്പതികൾക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്.