
കുവൈത്ത് സിറ്റി: അനധികൃതമായി ആളുകളെ കുവൈത്തിലേക്ക് കടത്തിയ ഈജിപ്ഷ്യൻ ട്രക്ക് ഡ്രൈവറെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറസ്റ്റ് ചെയ്തു. പണം വാങ്ങി ആളുകളെ നിയമവിരുദ്ധമായി രാജ്യത്ത് എത്തിക്കുകയായിരുന്നു ഇയാൾ. അനധികൃതമായി രാജ്യത്തേക്ക് കടന്നവരുണ്ടെന്ന സൂചന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെ ജാബിർ അൽ അഹമ്മദ് ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ പണം നൽകി ചരക്ക് കടത്തുന്ന ട്രക്കിൽ രാജ്യത്തേക്ക് എത്തിയതായി ഇരുവരും സമ്മതിച്ചു.
ഇവരിൽ ഒരാൾ ബംഗ്ലാദേശ് പൗരത്വമുള്ളയാളാണ്. മറ്റൊരാളെ കുറിച്ച വിവരങ്ങൾ ലഭ്യമല്ല. വിശദ അന്വേഷണത്തിലും തിരച്ചിലിലുമാണ് ഇവരെ കടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തത്.