
ലഖ്‌നോ: ഒന്നര ലക്ഷം രൂപയ്ക്ക് ഓർഡർ ചെയ്ത ഐഫോൺ വിതരണം ചെയ്യാൻ പോയ 30കാരനായ ഡെലിവറി ജീവനക്കാരനെ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി. ചിൻഹാട്ടിൽ നിന്നുള്ള ഗജാനൻ എന്നയാൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഏകദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ ഓർഡർ ചെയ്തിരുന്നു. യു.പിയിലാണ് സംഭവം നടന്നത്.
സെപ്റ്റംബർ 23ന് ഫോൺ ഡെലിവറി ചെയ്യാൻ പോയ നിഷാത്ഗഞ്ചിലെ ഭരത് സാഹു എന്ന ഡെലിവറി ഏജന്‍റിനെ ഗജാനനും സംഘവും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഇന്ദിരാ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് ദിവസമായിട്ടും സാഹു വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സാഹുവിൻ്റെ ഫോൺ പരിശോധിച്ചപ്പോൾ ഗജാനനെ വിളിച്ചതായി കണ്ടെത്തുകയും തുടർന്ന് ഇയാളുടെ സുഹൃത്തായ ആകാശിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ചെയ്തു. കൊലപാതകത്തെ കുറിച്ച് വിവരമുണ്ടായിരുന്ന ഇയാൾ ചോദ്യംചെയ്യലിൽ ആകാശ് കുറ്റം സമ്മതിച്ചതായി ഡി.സി.പി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന സംഘം കനാലിൽ നിന്ന് മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.