
തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് സംഘത്തിലെ മുഖ്യകണ്ണികളിലൊരാൾ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശി സഞ്ജയ് വർമയെയാണ് (47) ഞായറാഴ്ച പുലർച്ച കന്യാകുമാരിയിലെ ഹോട്ടലിൽനിന്ന് തമ്പാനൂർ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ തമ്പാനൂർ, കഴക്കൂട്ടം, എറണാകുളം, തലശ്ശേരി സ്റ്റേഷനുകൾക്കുപുറമെ വിവിധ സംസ്ഥാനങ്ങളിലും നിരവധി കേസുകൾ ഉണ്ട്. സ്വന്തമായാണ് കള്ളനോട്ടുകൾ അച്ചടിച്ചിരുന്നത്. തട്ടിച്ചെടുക്കുന്ന പണം ഗോവയിലെ കാസിനോവകളിൽ ചൂതുകളിക്കും ആഡംബരജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നത്.
ടാക്സി ഡ്രൈവർമാരാണ് ഇയാളുടെ പ്രധാന ഇരകൾ. ഹോമിയോ ഡോക്ടർ എന്ന വ്യാജേന വിവിധ പേരുകളിൽ ഇന്ത്യയിലെ വിവിധ ആഡംബര ഹോട്ടലുകളിൽ താമസിക്കുകയാണ് പതിവ്. യാത്രക്കായി ഓൺലൈൻ ടാക്സികളാണ് വിളിക്കുക. ഗൂഗ്ൾപേയിലേക്ക് പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചശേഷം പകരം കള്ളനോട്ട് നൽകും. സമാന കേസിൽ 2022ൽ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലുകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.