
കണ്ണൂർ: ഇടപാടുകാർ ബാങ്കിൽ പണയം വെച്ച സ്വർണം തട്ടിയെടുത്ത് മുക്കുപണ്ടം പകരം ലോക്കറിൽവെച്ച സംഭവത്തിൽ ബാങ്ക് അസി. മാനേജറെ അറസ്റ്റ് ചെയ്തു. ബാങ്ക് സീനിയർ മാനേജർ ഇ.ആർ. വത്സലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. (Stealing Money)
താഴെ ചൊവ്വ കേരള ഗ്രാമീൺ ബാങ്ക് അസി. മാനേജർ കണ്ണാടിപ്പറമ്പ് സ്വദേശി വി. സുജേഷിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എസ്.ഐ പി.പി. ഷമീൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2024 ജൂൺ 24 മുതൽ ഡിസംബർ 13 വരെ ഇടപാടുകാർ പണയംവെച്ച സ്വർണം ലോക്കറിൽ നിന്ന് കളവ് ചെയ്ത് മറ്റിടങ്ങളിലായി പണയം വെച്ച് 34 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ചോദ്യം ചെയ്തതിൽ നിന്ന് 60 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.