

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ നിന്നും കാവലിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ജനാല വഴി ചാടി രക്ഷപ്പെട്ട പ്രതി നാല് വർഷത്തിനുശേഷം അറസ്റ്റിൽ. കുമ്പള കൈകമ്പയിലെ ബംഗ്ലാ കോമ്പൗണ്ടിൽ ആദംഖാനെയാണ് (24) മഞ്ചേശ്വരം പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്.
2020 ലെ വധശ്രമക്കേസിൽ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായആദംഖാനെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ല ജയിലിൽ നിന്ന് ജില്ല ആശുപത്രി സെല്ലിലേക്ക് മാറ്റിയപ്പോഴായിരുന്നു രക്ഷപ്പെട്ടത്. ക്വാറന്റൈനിൽ കഴിയവെ രണ്ടാം നിലയിൽ നിന്ന് പുലർച്ച പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കർണാടക, ആന്ധ്രയിലും ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞ പൊലീസ് കഴിഞ്ഞ ദിവസം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. വധശ്രമം, മോഷണം, കഞ്ചാവ് ഉൾപ്പെടെ കേരളത്തിന് അകത്തും പുറത്തുമായി ഇയാൾക്ക് നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.