
ചെന്നൈ: തമിഴ്‌നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം മേൽജാതിക്കാർ അടിച്ചുതകർത്തു. ദളിതർ ക്ഷേത്രപ്രവേശനം നടത്തിയത് ഈ മാസം ആദ്യമാണ്. അടിച്ചുതകർക്കപ്പെട്ടത് കെ വി കുപ്പം താലൂക്കിലെ ഗെമ്മന്‍കുപ്പം ഗ്രാമത്തിലെ കാലിയമ്മന്‍ ക്ഷേത്രമാണ്.
അതേസമയം, തമിഴ്‌നാട് സർക്കാർ ക്ഷേത്രം പുനർ നിർമ്മിക്കുമെന്ന് അറിയിച്ചു. അക്രമം നടക്കാനിടയാക്കിയത് ക്ഷേത്രത്തിലെ ആടി മാസ പരിപാടികളില്‍ നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ്. സംഭവത്തിൽ കെ വി കുപ്പം പോലീസ് കേസെടുത്തു. എസ് സി/ എസ് ടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത് എസ് നവീന്‍ കുമാറിൻ്റെ പരാതിയിലാണ്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രമസമാധാന ചര്‍ച്ചയില്‍ വിഷയം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 14നാണ് കേസ് രജിസ്റ്റർ ചെയ്‌തതായി റിപ്പോർട്ട് ചെയ്‌തത്.
വർഷങ്ങളായി കാളിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ആരാധിച്ച് വരുന്നവരാണ് ഗ്രാമത്തിലെ പകുതിയോളം ജനങ്ങളും ഉൾപ്പെടുന്ന ദളിത് സമൂഹം. നവീൻ കുമാർ പറയുന്നത് കാലക്രമേണ ഇവിടെ മറ്റു ജാതിയിൽപ്പെട്ടവർ ആരാധന നടത്താൻ തുടങ്ങുകയും, ദളിതർക്ക് വിവേചനം നേരിടേണ്ടി വരുകയുമായിരുന്നുവെന്നാണ്. ദളിത് വിഭാഗക്കാർ പറയുന്നത് തങ്ങളിൽ നിന്ന് ക്ഷേത്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പണം പിരിച്ചിട്ടുള്ളതായാണ്.