
ലഖ്നോ: സർജറിക്കിടെ വൃക്ക മോഷ്ടിച്ചെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശ് മീററ്റിലെ കെ.എം.സി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർമാർക്കെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. ഡോക്‌ടര്‍ സുനിൽ ഗുപ്‌ത സഹ ഡോക്‌ടർമാരുമായി ചേർന്ന് തൻ്റെ വൃക്ക നീക്കം ചെയ്‌ത് മറ്റൊരാൾക്ക് വിറ്റതായി യുവതി ആരോപിച്ചു. തുടർന്ന് ആറ് ഡോക്ടർമാർക്കെതിരെയും ആശുപത്രിയിലെ മറ്റ് ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർമാരോട് സംസാരിച്ചപ്പോൾ അവർ യുവതിയെ മർദിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. (kidney)
ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് മീററ്റിലെ ബാഗ്‌പത് റോഡിലുള്ള കെ.എം.സി ആശുപത്രിയിൽ യുവതി ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് 2017 മെയ് 20ന് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ തന്റെ വൃക്ക മോഷ്ടിച്ചെന്നാണ് യുവതിയുടെ പരാതി.
2022 ഒക്‌ടോബർ 28ന് മറ്റൊരു ഡോക്‌ടര്‍ തന്നെ പരിശോധിച്ചപ്പോഴാണ് ഇടതു വൃക്ക ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തതായി കണ്ടെത്തിയതെന്ന് യുവതി പറയുന്നു. ഡോക്‌ടര്‍ സുനിൽ ഗുപ്‌ത അവയവങ്ങൾ കടത്തുന്ന ആളാണെന്നും യുവതി ആരോപിച്ചു.