
ആലപ്പുഴ: ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ എ.ടി.എം കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് തെങ്കാശ്ശി ജില്ലയിൽ നരികുറുവ കോളനിയിൽ കെ-16ൽ പഞ്ചവർണമാണ് (29) പൊലീസ് പിടിയിലായത്. തുടർന്ന് സൗത്ത് പൊലീസ് എ.ടി.എം കൗണ്ടറിലെ സി.സി ടി.വി പരിശോധിച്ചെങ്കിലും പ്രതി മുഖം മറച്ചാണ് പണം പിൻവലിച്ചത്. നഗരത്തിലെ വിവിധ സി.സി ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായ ചിത്രം ലഭിച്ചത്.
കാർത്തികപ്പള്ളി താലൂക്കിൽ മുക്കട സൈന്ദവം വീട്ടിൽ ഷാജുവിന്റെ ഭാര്യ ശ്രീകലയുടെ പഴ്സിൽനിന്നാണ് എ.ടി.എം കാർഡ് മോഷ്ടിച്ചത്. ഒക്ടോബർ ഒന്നിന് രാവിലെ 11ഓടെ ആലപ്പുഴ ജനറൽ ആശുപത്രിയിലെ കൊട്ടാരം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ടി.ബി സെന്ററിൽ വെച്ചിരുന്ന ബാഗിനുള്ളില്‍ പഴ്സിലാണ് കാര്‍ഡ് സൂക്ഷിച്ചിരുന്നത്. കാർഡ് മോഷ്ടിച്ച കൈതവന ജങ്ഷനിലുള്ള ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽനിന്ന് പണം പിൻവലിക്കുകയായിരുന്നു. പണം പിൻവലിച്ചതായി ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ശ്രീകല ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഓഫിസര്‍ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്