
പാവറട്ടി: ഓണാഘോഷത്തിനിടെ യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒമ്പത് പേരെ കൂടി പിടികൂടാനുണ്ട്. ചിറ്റാട്ടുകര കാക്കശേരി കോതപുരം വീട്ടിൽ ശ്രേയസ് (23), എളവള്ളി പടിഞ്ഞാറെപുരയ്ക്കൽ വീട്ടിൽ അക്ഷയ് (19) എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വാഴപ്പിലാത്ത് ക്ഷേത്രത്തിന് സമീപം ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിലാണ് ഒരാൾക്ക് കുത്തേറ്റത്. ആക്രമണത്തിൽ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വടംവലി മത്സരത്തിൽ എളവള്ളി പാറ ടീമും കാക്കശേരി ഡി ബ്രദേഴ്സ് ടീമും തമ്മിൽ മത്സരിക്കുന്നതിനിടെയാണ് ടീമുകൾ തമ്മിൽ തർക്കമുണ്ടായത്. മത്സരശേഷം തിരിച്ച് പോകുന്നതിനിടെയാണ് ആക്രമണം. ഹർഷാദിന്റെ പുറത്താണ് കുത്തേറ്റത്. എളവള്ളി പാറ സ്വദേശി പറങ്ങനാട്ട് ഹരിദാസന്റെ മകൻ ഹർഷിദിനാണ് (24) കുത്തേറ്റത്. കൂടെയുണ്ടായിരുന്ന പറങ്ങനാട്ട് ഉദയന്റെ മകൻ ആയുഷ്(17), ചെന്തിരുത്തി രാജന്റെ മകൻ വിമൽ (23) എന്നിവർക്കാണ് ഇരുമ്പുവടികൊണ്ട് തലയിൽ അടിയേറ്റത്. എല്ലാവരും അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.