
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭർത്താവിന്റെ കുത്തേറ്റ ഷിബിലയുടെ മരണത്തിലേക്ക് നയിച്ചത് കഴുത്തിലെറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റോമാർട്ടം റിപ്പോർട്ട്. അക്രമം ആസൂത്രിതമാണെന്നാണ് പൊലീസ് നിഗമനം. കുത്താനുപയോഗിച്ച ആയുധം പ്രതി യാസിറിന്റെ വാഹനത്തിൽ നിന്ന് കണ്ടെത്തി. കൊല്ലപ്പെട്ട ഷിബിലുയടെ മൃതദേഹം കബറടക്കി.
11 മുറിവുകളാണ് കൊല്ലപ്പെട്ട ഷിബിലയുടെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിൽ ആഴത്തിലേറ്റ രണ്ട് മുറിവുകൾ മരണകാരണമായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉച്ചക്ക് വീട്ടിലെത്തിയ യാസിർ വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും പറഞ്ഞാണ് മടങ്ങിയത്. എന്നാല്‍ വൈകീട്ട് കത്തിയുമായെത്തി ഷിബിലയെയും ഉപ്പയെയെും ഉമ്മയെയും കുത്തുകയായിരുന്നു.
ഓടിയെത്തിയ അയൽവാസികൾക്ക് നേരെ കത്തി വീശുകയും ചെയ്തു. കൊല ചെയ്യാനുപയോഗിച്ച കത്തി യാസിറിന്റെ കാറില്‍ നിന്ന് കണ്ടെടുത്തു. ഷിബിലയുടെ പിതാവിനെ ലക്ഷ്യംവെച്ചാണ് താന്‍ വന്നതെന്നാണ് യാസിർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. യാസിറിന്റ ഫോറന്‍സിക് പരിശോധന പൂർത്തിയാക്കിയ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.