
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ അപ്പീൽ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.(Sharon murder case updates)
വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാണ് ആവശ്യം. നിലവിൽ പ്രതി തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ്.
കേരളത്തിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന വനിതാ കുറ്റവാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 24 വയസുമാത്രം പ്രായമുള്ള ഗ്രീഷ്മ. ഇവർക്ക് വധശിക്ഷ നൽകിയ കോടതി വ്യക്തമാക്കിയത് പ്രായം പരിഗണിക്കാൻ സാധിക്കില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നുമാണ്. വിധി നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയുടേതാണ്.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന വാദം പരിഗണിക്കാൻ സാധിക്കില്ലെന്നാണ് കോടതി അറിയിച്ചത്. മൂന്നു ദിവസം നീണ്ട അന്തിമവാദം നേരത്തെ പൂർത്തിയായിരുന്നു. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരെ 3 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. മൂന്നാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി തെളിവുകളുടെ അഭാവത്തിൽ നേരത്തെ വെറുതെ വിട്ടിരുന്നു. വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയത് പ്രതി ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും, ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും ആണ്.