
ബംഗളൂരു: ബൈക്കിൽ കൊണ്ടുപോയി വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്കെതിരെ ബംഗളൂരു 39ാം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആഗസ്റ്റ് 19ന് പുലർച്ചെയാണ് ബംഗളൂരു കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനിയായ 21കാരി ലൈംഗികാതിക്രമത്തിനിരയായത്. കോറമംഗലയിൽ ഒരു പാർട്ടി കഴിഞ്ഞ് ആനേക്കൽ ചന്ദാപുരയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
ബംഗളൂരു ആടുഗോഡി എസ്.ആർ. നഗർ സ്വദേശി മുകേശ്വരന്റെ (24) പേരിലാണ് 555 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 86 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. ഇതിൽ നാലുപേർ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകി. സംഭവം നടന്ന് 40 ദിവസത്തിൽ അന്വേഷണം പൂർത്തിയാക്കാനായെന്ന് ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ട് പൊലീസ് അറിയിച്ചു.