

കൊച്ചി: ഓൺലൈൻ തട്ടിപ്പ് വഴി മട്ടാഞ്ചേരിയിലെ വ്യവസായിയിൽനിന്നു 10 ലക്ഷം രൂപ തട്ടിയ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. പ്രമുഖ ബാങ്കിന്റെ കെവൈസി അപ്‍ഡേഷനെന്നു തെറ്റിദ്ധരിപ്പിക്കുന്ന ലിങ്ക് അയച്ചു കൊടുത്ത ശേഷം ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി പണം തട്ടിയെടുത്ത ധീരജ് ഗിരി (28)യെയാണ് മട്ടാഞ്ചേരി പൊലീസ് യുപിയിലെ ഗ്രേറ്റർ നോയ്ഡയിലെത്തി അറസ്റ്റ് ചെയ്തത്. സമാനരീതിയിൽ 1.20 കോടി രൂപ തട്ടിയെടുത്ത മറ്റൊരു കേസിൽ ബെംഗളൂരു പൊലീസും ഇയാൾക്കായി അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് കേരള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യവസായിയുടെ ഫോണിലേക്ക് അയച്ചു നൽകിയ എപികെ (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ്) ഫയലിൽ ക്ലിക് ചെയ്തതോടെ ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ആവുകയും ഫോണിന്റെ നിയന്ത്രണം പ്രതിക്ക് കിട്ടുകയും ചെയ്യുന്നതായിരുന്നു തട്ടിപ്പ് രീതി. 2024 ഒക്ടോബർ 31നു രാത്രി 10 മണി മുതൽ നവംബർ 1 രാവിലെ 8 മണി വരെ 39 തവണയായി 41 അക്കൗണ്ടുകളിലേക്ക് ഇയാൾ വ്യവസായിയുടെ അക്കൗണ്ടിലുള്ള എല്ലാ പണവും തട്ടിച്ചെടുത്ത് അയച്ചു. ഒടിപി ഉൾപ്പടെ വന്നിരുന്നതിന്റെ നിയന്ത്രണവും പ്രതിക്കായിരുന്നു. പണം നഷ്ടപ്പെട്ടെന്ന് മനസിലാക്കി വ്യവസായി പൊലീസിനെ സമീപിച്ചതോടെയാണ് വലിയ തട്ടിപ്പിനു പിന്നിലുള്ള സംഘത്തിനായി അന്വേഷണം ആരംഭിച്ചത്.