
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ബലാത്സംഗ ഭീഷണി നടത്തിയ കേസിൽ ഒരാളെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് 24 പാർഗനാസ് ജില്ലയിലെ മോത്ബാരി സ്വദേശിയായ മസാദുൽ മൊല്ലയാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്.
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടന്ന പ്രതിഷേധ റാലിക്കിടെ ഇയാൾ അഭിഷേക് ബാനർജിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.
ആഗസ്റ്റ് 25ന് ഉച്ചക്ക് ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ട് (എ.ഐ.എസ്.എഫ്) സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുക്കവെയാണ് പ്രതി ഭീഷണി മുഴക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.