
അഹമ്മദാബാദ്: ഗുജറാത്തിലെ പഠാൻ ജില്ലയിൽ റാഗിംങ്ങിനിടെ എംബിബിഎസ് വിദ്യാർഥി മരിച്ചു. പഠാനിലെ ധാർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി അനിൽ മെതാനിയ(18) ആണ് മരിച്ചത്. (ragging)
അനിലിനെ സീനിയർ വിദ്യാർഥികൾ തുടർച്ചയായി മൂന്നു മണിക്കൂർ നേരം നിർത്തിയിരുന്നു. തുടർന്ന് അവശനായി കുഴഞ്ഞു വീണ അനിലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.
കോളജിലെ റാഗിംങ്ങ് വിരുദ്ധ സമിതി വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സീനിയർ വിദ്യാർഥികൾ റാഗിംങ്ങിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബലിസാന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.