
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ പിടികൂടി. ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ എത്തിയ സംഘം എംഡിഎംഎ ഉപയോഗിക്കുന്നത് പിടികൂടാന്‍ ശ്രമിച്ച പോലീസിനെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. (attacked the police)
പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലുണ്ടായിരുന്ന പേരാമ്പ്ര ആയഞ്ചേരി സ്വദേശി കുനിയില്‍ കിഴക്കയില്‍ നജീദ്(33) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ പെരുവണ്ണാമൂഴി പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നത്. ഫോര്‍ച്യൂണര്‍ കാറിലെത്തിയ ആറംഗ സംഘം, വാഹനത്തിലിരുന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയുമായിരുന്നു. പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ശാന്തിപ്പാറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഇവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നജീദ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.