
അൻവർ ഷരീഫ്
മലപ്പുറം : കിഴിശ്ശേരി കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയ രോഗിയെ സ്കാനിംഗിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ സമയത്ത് റൂമിൽ കയറി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് ആണ് പിടിയിലായത്. ഇയാൾ മറ്റു മോഷണ കേസിലും പ്രതിയാണെന്ന് പോലീസ്.
ആശുപത്രിയിൽ അഡ്മിറ്റ് ആയ രോഗിയെ സ്കാനിങ്ങിന് കൊണ്ട് പോയ സമയത്ത് ഇയാൾ റൂമിൽ കയറുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് പ്രതി മോഷണം നടത്തിയത്. അമ്പതിനായിരം രൂപയാണ് ഇയാൾ മോഷ്ടിച്ചത്.
സ്കാനിങ് കഴിഞ്ഞു രോഗി തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. ആശുപത്രി ബില്ല് അടയ്ക്കാൻ കരുതിയിരുന്ന പണമാണ് മോഷണം പോയിരുന്നത്.
സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ അരീക്കോട് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതിയുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.